ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കാസർകോട് മണ്ഡലത്തിൽ നടത്തിയ മോക് പോളിൽ, ചെയ്യാത്ത വോട്ട് വോട്ടിങ് മെഷീൻ ബിജെപി സ്ഥാനാർഥിയുടെ പേരിൽ രേഖപ്പെടുത്തിയെന്ന പരാതിയിൽ ഇടപെട്ട് സുപ്രീം കോടതി. മോക് പോളുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ പരിശോധിക്കാൻ സുപ്രീം കോടതി തിരഞ്ഞെടുപ്പ് കമ്മിഷനു നിർദ്ദേശം നൽകി. മോക് പോളിൽ കുറഞ്ഞത് നാല് വോട്ടിങ് യന്ത്രങ്ങൾ ബിജെപിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയെന്നാണ് പരാതി. വിവിപാറ്റുകൾ എണ്ണണമെന്ന വാദത്തിനിടെയാണ് അഭിഭാഷകൻ കാസർകോട്ടെ മോക് പോൾ വിഷയം കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളുടെ ഏജന്റുമാർ പരാതി ഉന്നയിച്ചിരുന്നു. കാസർകോട് ലോക്സഭാ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണൻ, സിറ്റിങ് എംപിയും യുഡിഎഫ് സ്ഥാനാർഥിയുമായ രാജ്മോഹൻ ഉണ്ണിത്താൻ എന്നിവരുടെ ഏജന്റുമാരാണ് ജില്ലാ കലക്ടർ കെ. ഇൻബാശേഖറിനു പരാതി നൽകിയത്.
മോക് പോളിന്റെ ആദ്യ റൗണ്ടിൽ 190 വോട്ടിങ് മെഷീനുകളും പരിശോധിച്ചു. 20 മെഷീനുകളാണ് ഒരുസമയം പബ്ലിഷ് ചെയ്തത്. ഒരു യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്താൻ പത്ത് ഓപ്ഷനുണ്ട്. ഓരോ ഓപ്ഷനും ഓരോ തവണ അമർത്തി പരീക്ഷിച്ചപ്പോൾ നാലു മെഷീനുകളിൽ ബിജെപിക്ക് രണ്ടു വോട്ട് ലഭിച്ചതായി വ്യക്തമാക്കി. ബിജെപിയുടെ ചിഹ്നത്തിൽ അമർത്താതിരുന്നപ്പോഴും പാർട്ടിയുടെ കണക്കിൽ ഒരു വോട്ട് രേഖപ്പെടുത്തി. ഇതേത്തുടർന്ന് ഈ മെഷീനുകൾ മാറ്റണമെന്ന് ഏജന്റുമാർ ആവശ്യപ്പെട്ടു.”