തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിലെ ഉച്ചഭക്ഷണ പ്രതിസന്ധി അവസാനിപ്പിച്ച് അരിവിതരണം പുനരാരംഭിച്ചു. മന്ത്രിതല യോഗത്തിലായിരുന്നു തീരുമാനം. സപ്ലൈകോയ്ക്ക് നൽകാനുള്ള കുടിശ്ശിക ഉടൻ തീർക്കാമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉറപ്പുനൽകിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഭക്ഷ്യ മന്ത്രി ജി ആർ അനിലും യോഗത്തിൽ പങ്കെടുത്തു.
250 കോടി രൂപ ആണ് അരി ഇനത്തിൽ സപ്ലൈകോക്ക് നൽകാനുള്ളത്. വിദ്യാഭ്യാസ വകുപ്പ് കുടിശ്ശിക തീർക്കാത്തതിനാൽ അരി നൽകാനാകില്ലെന്ന് സപ്ലൈകോ നിലപാടെടുത്തിരുന്നു. സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി പ്രതിസന്ധിയിൽ ആയതോടെയാണ് മന്ത്രിമാർ യോഗം ചേർന്നത്.