നീലേശ്വരം:ഏറനാടൻ ഫുട്ബോളിൻ്റെ വശ്യസൗന്ദര്യവുമായി കാണികളുടെ ഹൃദയം കീഴടക്കാൻ വന്ന സൂപ്പർ സ്റ്റുഡിയോ മലപ്പുറവും എഫ്.സി.പയ്യന്നൂരും ആവേശത്തിൻ്റെ ആഘോഷരാവ് സമ്മാനിച്ചു കൊണ്ട് നീലേശ്വരം രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൻ്റെ കളി മൈതാനിയിൽ നടന്നുവരുന്ന കോസ് മോസ് അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻറിലെ ഇന്നത്തെ മത്സരത്തിൽ നറുക്കെടുപ്പിലൂടെ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിന് വിജയം – തുല്യശക്തികൾ തമ്മിലുള്ള വാശിയേറിയ അത്യുഗ്രൻ പോരാട്ടത്തിനൊടുവിൽ ഇരുവിഭാഗവും 2 ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് പെനാൽട്ടി കിക്കിലും സഡൻ ഡെത്തിലും തുല്യത പാലിച്ചതിനാൽ നറുക്കെടുപ്പിലൂടെ വിജയികളെ നിശ്ചയിക്കേണ്ടി വന്നു.’
കളി തുടങ്ങി ആദ്യ പകുതിയുടെ മൂന്നാം മിനുട്ടിൽ ത്തന്നെ സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിൻ്റെ ഏഴാം നമ്പർ കളിക്കാരന് ലഭിച്ച ഒരു ഫൗൾ കിക്ക് ഗോൾ മുഖത്തേക്ക് നീട്ടിയടിച്ചത് തട്ടി മാറ്റാൻ ഗോളി കിണഞ്ഞു ശ്രമിച്ചുവെങ്കിലും ബോൾ വഴുതി മാറി ഗോളായി മാറിയത് കാണികളിൽ ആവേശം വിതച്ചു.’ എങ്ങനെയെങ്കിലും ഗോൾ തിരിച്ചടിക്കണമെന്ന എഫ്.സി. പയ്യന്നൂരിൻ്റെ ശക്തമായ നീക്കത്തിൻ്റെ ഫലമായി 10-ാം മിനുട്ടിൽ മൂന്നാം നമ്പർ കളിക്കാരൻ തൊടുത്തുവിട്ട ഗോൾ കൃത്യമായി ഗോൾ വലയത്തിലെത്തിച്ചപ്പോൾ സമനിലയിലെത്തുകയായിരുന്നു. 1-1
കളിയുടെ 26-ാം മിനുട്ടിൽ എഫ്.സി.പയ്യന്നൂരിൻ്റെ ഗോൾ മുഖത്തേക്ക് വരുമായിരുന്ന ഒരു ബോൾ സേവ് ചെയ്യുന്നതിനായി ഗോളി പോസ്റ്റിൽ നിന്നും അല്പം നീങ്ങിയ സമയം കൃത്യമായി മുതലെടുത്തു കൊണ്ട് മലപ്പുറത്തിൻ്റെ നാലാം നമ്പർ കളിക്കാരൻ പന്ത് വലയിലാക്കിയതോടെ മലപ്പുറം 2 – 1 എന്ന നിലയിൽ വീണ്ടും മുന്നിലെത്തുകയായിരുന്നു.
ഫുട്ബോളിൻ്റെ സകല ശക്തിയും സൗന്ദര്യവും
ആ വാഹിച്ചു കൊണ്ട് ഇരു ടീമുകളും രണ്ടാം പകുതിയിൽ തീപാറുന്ന പോരാട്ടമാണ് കാഴ്ചവെച്ചത്. നിരവധി സുന്ദരൻ കിക്കുകൾ ഗോൾമുഖത്തേക്ക് ഇരുടീമുകളും പായിച്ചുവെങ്കിലും ഗോളികളുടെ മുമ്പിൽ നിഷ്പ്രഭമാകുകയായിരുന്നു.
തിങ്ങി നിറഞ്ഞ കാണികളെ ആവേശത്തിൽ എത്തിച്ച രണ്ടാം പകുതിയുടെ 24-ാം മിനുട്ടിൽ ലഭിച്ച ഒരു കോർണർ കിക്ക് എഫ്.സി.പയ്യന്നൂരിൻ്റെ 10-ാം നമ്പർ കളിക്കാരൻ വലയിലെത്തിച്ചതോടെ ഇരു ടീമുകളും വീണ്ടും സമനില പാലിച്ചു. 2 – 2
നിശ്ചിത സമയത്തിനു ശേഷവും സമനില തുടർന്നതിനാൽ പെനാൽട്ടി കിക്കിലും സമനില പാലിക്കുകയായിരുന്നു.
തുടർന്ന് നടന്ന സഡൺ ഡെത്തിലും സമനില തുടർന്നതിനാൽ നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തുകയായിരുന്നു.
മത്സരത്തിലെ ഏറ്റവും നല്ല കളിക്കാരനായി സൂപ്പർ സ്റ്റുഡിയോ മലപ്പുറത്തിൻ്റെ 4-ാം നമ്പർ കളിക്കാരൻ ജുനൈദിനെ തെരഞ്ഞെടുത്തു.
3 ന് മത്സരമില്ല.
4 ന് നടക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ആതിഥേയരായ കോസ് മോസ് പള്ളിക്കര, എഫ്.സി. കൊണ്ടോട്ടിയെ നേരിടും