കഞ്ചാവുബീഡി കത്തിക്കാൻ തീപ്പെട്ടി തേടി സ്കൂൾ വിദ്യാർത്ഥികൾ എത്തിയത് അടിമാലി എക്സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ഓഫീസിൽ. തൃശ്ശൂരിലെ സ്കൂളിൽ നിന്നും മൂന്നാറിലേക്ക് ടൂർ പോയ സംഘത്തിലെ വിദ്യാർത്ഥികളാണ് എക്സൈസ് ഓഫീസ് ആണെന്ന് തിരിച്ചറിയാതെ തീപ്പെട്ടി ആവശ്യപ്പെട്ടുകൊണ്ട് അവിടെ എത്തിയത്. യൂണിഫോമിൽ ഉള്ളവരെ കണ്ടതോടെ തിരിച്ചു ഓടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ തടഞ്ഞുനിർത്തി.
എക്സൈസ് ഓഫീസിന്റെ പിൻവശത്തായി കേസിൽ പിടിച്ച വാഹനങ്ങൾ കിടക്കുന്നത് കണ്ട് വർക്ക് ഷോപ്പ് ആണെന്ന് കരുതിയാണ് കയറിയതെന്ന് കുട്ടികൾ പറഞ്ഞതായി എക്സൈസ് അറിയിച്ചു. ഓഫീസിന്റെ പിൻവശത്തൂടെ കയറിയതിനാൽ ബോർഡ് കണ്ടില്ല.
സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയാത്തിന്റെ പരിശോധനയിൽ ഒരു കുട്ടിയുടെ പക്കൽ നിന്ന് അഞ്ചു ഗ്രാം കഞ്ചാവ് മറ്റൊരു കുട്ടിയുടെ കയ്യിൽ നിന്ന് ഒരു ഗ്രാം ഹാഷിഷ് ഓയിലും കണ്ടെടുത്തു. കൂടെയുണ്ടായിരുന്ന അധ്യാപകരെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥർ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിദ്യാർത്ഥികൾക്ക് കൗൺസിലിംഗ് നൽകി. മാതാപിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു. ലഹരി കണ്ടെത്തിയ വിദ്യാർഥികൾക്കെതിരെ കേസെടുത്തു.