തിരുവനന്തപുരത്ത് നടന്ന സംസ്ഥാന കേരളോത്സവത്തിൽ വെള്ളിക്കോത്ത് നെഹ്റു- ബാലവേദി ടീം കലാ- കായിക മത്സരങ്ങളിലെ മികച്ച പ്രകടനത്തിന് സംസ്ഥാനത്ത് മൂന്നാം സ്ഥാനം നേടി.
സംഘഗാന മത്സരത്തിൽ സംസ്ഥാന തലത്തിൽ നേടിയ ഒന്നാം സ്ഥാനത്തോടെയാണ് ഈ നേട്ടം.
നീല രാവിൽ എന്നു തുടങ്ങുന്ന ഗാനം ചിട്ടപ്പെടുത്തി പരിശീലിപ്പിച്ചത് സംഗീതജ്ഞൻ പ്രമോദ് പി.നായരാണ്. പയ്യന്നൂർ ശ്രീധരൻ മാസ്റ്ററാണ് ഗാന രചന. അഭിറാം. പി.നായർ, എ.രാം പ്രസാദ്, കെ.വി. ശാന്തി കൃഷ്ണ, പി.പി. ആതിര, ഐ.കെ. സുരജ, ടി.ആതിര, സി.രഞ്ജിനി എന്നിവരാണ് പാടിയത്. ദേശഭക്തി ഗാനത്തിൽ രണ്ടാം സ്ഥാനവും ഇതേ ടീം നേടി. ടീം അംഗം എ. രാം പ്രസാദിന് ശാസ്ത്രീയ സംഗീതത്തിൽ രണ്ടാം സ്ഥാനവും ഹിന്ദുസ്ഥാനി സംഗീതത്തിൽ മൂന്നാം സ്ഥാനവുമുണ്ട്. തിരുവാതിരയിൽ മൂന്നാം സ്ഥാനവും നെഹ്റു ബാലവേദി സർഗ വേദി ടീമിനാണ്. നെഹ്റു സർഗവേദി ഭാരവാഹികളായ കെ.ടി. ചന്ദ്രൻ, എസ്. ഗോവിന്ദരാജ്, സി.പി. വിനീഷ് ബാബു എന്നിവരായിരുന്നു ടീം മാനേജർമാർ.