കാഞ്ഞങ്ങാട് :കേരള സർക്കാർ എൻ. എസ്. എസ്. യൂണിറ്റുകൾക്ക് നൽകുന്ന സംസ്ഥാന അവാർഡിന് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് കാഞ്ഞങ്ങാട് അർഹമായി.സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രോഗ്രാം ഓഫീസറായി നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ. എസ്. എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസർ വി. വിജയകുമാറിനെ തിരഞ്ഞെടുത്തു. ഏറ്റവും നല്ല യൂണിറ്റായി നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ. എസ്. എസ്. യൂണിറ്റിനെയും തിരഞ്ഞെടുത്തു. വിവിധങ്ങളായ പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന അവാർഡുകൾ പ്രഖ്യപിക്കുന്നത്. ആസാദ് സേനയുടെ പ്രവർത്തനം സ്‌നേഹവീട് നിർമ്മാണം, ലഹരിക്കെതിരെയുള്ള പ്രവർത്തനം, കോവിഡ് കാലങ്ങളിലെ മികച്ച പ്രവർത്തനം, രക്തദാനം,ഭിന്നശേഷിക്കാർക്കുള്ള പ്രവർത്തനങ്ങൾ വിവിധങ്ങളായുള്ള സർവേകൾ എന്നിവയാണ് നെഹ്‌റു കോളേജ് എൻ. എസ്. എസ് യൂണിറ്റിനെ അവാർഡിന് അർഹമാക്കിയത്. നെഹ്‌റു കോളേജ് എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ വി. വിജയകുമാറിന് രണ്ട് തവണ സർവകലാശാലയിലെ ഏറ്റവും നല്ല പ്രോഗ്രാം ഓഫീസർ അവാർഡ് ലഭിച്ചിരുന്നു. ആസാദ് സേനയുടെ മികച്ച കോർഡിനേറ്റർ, ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങൾക്കും ബോധ്യം പ്രവർത്തനങ്ങൾക്കും സംസ്ഥാന തല അംഗീകാരം ലഭിച്ചിരുന്നു . മൂന്ന് യൂണിറ്റുകളാണ് നെഹ്‌റു ആർട്സ് ആൻഡ് സയൻസ് കോളേജിന് ഉള്ളത്. സംസ്ഥാനത്തെ ഏകദേശം വിവിധ ഡയറക്ടറേറ്റിൽനിന്നായി നിരവധി എൻട്രികളായിരുന്നു അവാർഡിനായി ഉണ്ടായിരുന്നത്.സംസ്ഥാനത്തിലെ ഒന്നാമത്തെ യൂണിറ്റും പ്രോഗ്രാം ഓഫീസർ ആയും ആണ് നെഹ്‌റു കോളേജ് എത്തിയിരിക്കുന്നത്.മികച്ച പ്രോഗ്രാം ഓഫീസർ ആയി തിരഞ്ഞെടുത്ത വിജയകുമാർ കാഞ്ഞങ്ങാട് അമ്പലത്തറ മൂന്നാം മൈയിൽ സ്വദേശിയാണ്. ഹയർ സെക്കന്ററി അധ്യാപികയായ പി വി സവിത ആണ് ഭാര്യ. മക്കൾ: വൈശാൽ എസ് വിജയ് , വൈഭവ് എസ് വിജയ്.