വ്യാപാരി വ്യവസായി ഏകോപനസമിതി പരപ്പ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് നടത്താനിരുന്ന വിനോദയാത്ര വ്യാപാരികൾ ബഹിഷ്കരിച്ചു. രണ്ടുദിവസങ്ങളിലായി മൈസൂർ ബാംഗ്ലൂർ എന്നിവിടങ്ങളിലേക്ക് വിനോദയാത്ര പോകാനായിരുന്നു തീരുമാനിച്ചത്. ഇതിനായി രണ്ട് ബസ്സുകൾ ബുക്ക് ചെയ്യുകയും ചെയ്തു. രാവിലെ ബസ്സുകൾ എത്തിയെങ്കിലും യാത്രയ്ക്ക് പോകാൻ വ്യാപാരികൾ ആരും തന്നെ വന്നില്ല. തുടർന്നാണ് യാത്ര മാറ്റിവെച്ചത്. കോട്ടക്കൽ വിജയൻ പ്രസിഡണ്ടും സലിം പരപ്പ സെക്രട്ടറിയുമായ കമ്മിറ്റിയാണ് പരപ്പ മർച്ചൻസ് അസോസിയേഷനിൽ നിലവിലുള്ളത്. ഇവരോടുള്ള എതിർപ്പാണ് വ്യാപാരികൾ വിനോദയാത്രയിൽ നിന്നും വിട്ടുനിൽക്കാൻ കാരണമത്രേ. ബസ്സിന്റെ വാടക അസോസിയേഷൻ നൽകാനും ബാക്കി ചിലവുകൾ വ്യാപാരികൾ വഹിക്കാനുമായിരുന്നു തീരുമാനം.സാധാരണ വരുമാനമുള്ള വ്യാപാരികളാണ് പരപ്പ മർച്ചന്റ്സ് അസോസിയേഷനിൽ ഭൂരിപക്ഷവും. അതുകൊണ്ടുതന്നെ രണ്ടുദിവസത്തേക്കുള്ള യാത്രയുടെ ഭീമമായ ചെലവ് തങ്ങൾക്ക് താങ്ങാൻ കഴിയില്ല എന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം നിലവിലെ ഭാരവാഹികൾ എടുക്കുന്ന തീരുമാനങ്ങൾ മിക്കതും നടപ്പിലാക്കാറി ല്ലെന്നാണ് ആക്ഷേപം.ഈ മാസം 27ന് പരപ്പ യൂണിറ്റിന്റെ ജനറൽബോഡിയോഗം നടക്കാനിരിക്കെ അംഗങ്ങളെ സ്വാധീനിക്കാനാണ് വിനോദയാത്ര തട്ടിക്കൂട്ടിയത് എന്നാണ് ഒരു ഭാഗം വ്യാപാരികൾ പറയുന്നത്.