തൃക്കരിപ്പൂർ:വയനാട് പുരധിവാസ പ്രവർത്തനങ്ങളെ തുരങ്കം വെക്കുന്ന സമീപനമാണ് കേരളത്തിലെ മാധ്യമങ്ങൾ സ്വീകരിച്ചത് എന്ന് മാധ്യമപ്രവർത്തകൻ എം വി നികേഷ് കുമാർ. സിപിഐഎം തൃക്കരിപ്പൂർ നോർത്ത് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി നടക്കാവിൽ സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേപ്പാടിയില്‍ ഉണ്ടായ ദുരന്തത്തിൽ അടിയന്തര അധിക ധനസഹായം അനുവദിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിന് മുമ്പിൽ സംസ്ഥാന സർക്കാർ സമര്‍പ്പിച്ച മൊമ്മോറാണ്ടത്തിലെ കണക്കുകള്‍ ചെലവിന്‍റെ കണക്കായി വ്യാഖ്യാനിച്ചാണ് കേരള ത്തിലെ മാധ്യമങ്ങൾ വ്യാജ വാര്‍ത്ത ഉണ്ടാക്കിയത്.
പ്രതീക്ഷിക്കുന്ന ചെലവുകളെ ചിലവഴിച്ച തുക എന്നും പിന്നീട് പെരുപ്പിച്ച തുക എന്നും പ്രചരിപ്പിക്കുന്നത് പ്രത്യേക അജണ്ടയുടെ ഭാഗമാണ്.ഏതുവിധേനയും സംസ്ഥാന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യം നേടുന്ന ത്വരയില്‍ ദുരന്തത്തിന്‍റെ ഇരകളായ മനുഷ്യരെയാണ് ദ്രോഹിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് തയ്യാറാക്കിയ മെമ്മോറാണ്ടമാണ് കേരളം നല്‍കിയത്. അതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ധൂര്‍ത്തും അഴിമതിയുമാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരെ തിരിക്കാനാണ് കേരളത്തിലെ മാധ്യമങ്ങൾ ശ്രമിച്ചത്.
അടിസ്ഥാന മാധ്യമ ധര്‍മ്മം പാലിക്കാതെയാണ് ഇത്ര പ്രധാനപ്പെട്ട ഒരു വിഷയത്തിലുള്ള വാര്‍ത്ത മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്തത്.മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല.അതിനായി പരിശീലനം ലഭിച്ച പ്രൊഫെഷണലുകള്‍ ആണ്.അത് തയ്യാറാക്കുന്നതിന് രാജ്യമാകെ അവലംബിക്കുന്ന ചില രീതികളുമുണ്ട്.
നിലവിലുള്ള മാനദണ്ഡങ്ങള്‍ക്കനുസൃതമായി പരമാവധി സഹായം ലഭിക്കാന്‍ നല്‍കിയ മെമ്മോറാണ്ടത്തെയാണ് മാധ്യമങ്ങൾ തുരങ്കം വെച്ചത്.അത് പോലും കിട്ടരുത് എന്ന ദുഷ്ടലക്ഷ്യത്തോടെ നടത്തുന്ന ഈ പ്രചാരണം വയനാട്ടിലെ ദുരിതബാധിതര്‍ക്കെതിരായ കടന്നാക്രമണമായേ കാണാനാവൂ എന്നും നികേഷ് കുമാർ പറഞ്ഞു.2012 മുതല്‍ 16 വരെയുള്ള യുഡിഎഫ് സര്‍ക്കാരുകളുടെ കാലത്തു തയ്യാറാക്കി സമര്‍പ്പിച്ച മെമ്മോറാണ്ടങ്ങള്‍ ധൂര്‍ത്ത് ആയോ പെരുപ്പിച്ച കണക്കായോ ഇന്ന് വരെ ആരെങ്കിലും പറയുന്നത് കേട്ടിട്ടുണ്ടോ എന്നും നികേഷ് കുമാർ ചോദിച്ചു.
യോഗത്തിൽ എം പത്മിനി അധ്യക്ഷയായി.സി പി ഐ എം തൃക്കരിപ്പൂർ ഏരിയ സെക്രട്ടറി ഇ കു ഞ്ഞിരാമൻ, കെ വി ജനാർദ്ദനൻ, എം രാമചന്ദ്രൻ, കെ മോഹനൻ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി പി സനൽ സ്വാഗതം പറഞ്ഞു.