കാഞ്ഞങ്ങാട്: രാജ്യത്തിൻ്റെ മതേതര സങ്കൽപ്പത്തെ ഇല്ലാതാക്കുന്ന തരത്തിൽ ദ്വിരാഷ്ട്ര വാദം വീണ്ടും ഉയർന്നു വരുന്ന വർത്തമാനകാല സാഹചര്യത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്ന് പ്രമുഖ ചരിത്രകാരൻ ഡോ. എ. എം. ശ്രീധരൻ അഭിപ്രായപ്പെട്ടു. വൈദേശികാധിപത്യത്തിൽ നിന്നുള്ള രാജ്യത്തിൻ്റെ മോചനത്തിന് മഹാത്മജിയും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഉയർത്തിയ ഏറ്റവും വലിയ മുന്നേറ്റമാണ് ക്വിറ്റ് ഇന്ത്യ മുദ്രാവാക്യമെന്ന് അദ്ദേഹം പറഞ്ഞു.ക്വിറ്റ് ഇന്ത്യാ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ സമര സ്മൃതി മണ്ഡപത്തിൽ നടന്ന ക്വിറ്റ് ഇന്ത്യാ ദിന അനുസ്മരണ പരിപാടി ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം വൈസ് പ്രസിഡണ്ട് സുരേഷ് കൊട്രച്ചാൽ ആദ്ധ്യക്ഷം വഹിച്ചു. മുൻ നഗരസഭാ ചെയർമാൻ വി.ഗോപി, കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അശോക് ഹെഗ്ഡെ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ എം. കുഞ്ഞികൃഷ്ണൻ, ബഷീർ ആറങ്ങാടി, അനിൽ വാഴുന്നോറടി, അഡ്വ. ബിജു കൃഷ്ണ, എച്ച്. ഭാസ്ക്കരൻ, നേതാക്കളായ ചന്ദ്രശേഖരൻ മേനിക്കോട്ട് പുരുഷോത്തമൻ, എം.എം. നാരായണൻ സുകുമാരൻ ചെമ്മട്ടംവയൽ , അച്യുതൻ മുറിയനാവി ശിഹാബ് കാർഗിൽ , സ്വകുമാരൻ കുശാൽ നഗർ തുടങ്ങിയവർ സംസാരിച്ചു.
മനോജ് ഉപ്പിലിക്കൈ സ്വാഗതവും കെ.രാജൻ ഐങ്ങോത്ത് നന്ദിയും പറഞ്ഞു.