സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പുതുതായി ആരംഭിക്കുന്ന സ്കിൽ ഡവലപ്പ്മെൻറ് സെൻറർ കോട്ടപ്പുറം CHMKSGVHS സ്കൂളിൽ അനുവദിച്ചു.കാസർഗോഡ് ജില്ലയിൽ പതിനാല് സ്ക്കൂളുകൾക്കാണ് സെൻറർ അനുവദിച്ചിട്ടുള്ളത്.
തൃക്കരിപൂർ MLA എം രാജഗോപാലൻ രക്ഷാധികാരിയും നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി.വി.ശാന്ത ചെയർമാനായും സ്കൂൾ പ്രിൻസിപ്പൾ നിഷ.ബി .കൺവീനവർ ആയും സെന്ററിന്റെ ഭാഗമായുള്ള സ്കൂൾ തല കമ്മിറ്റി രൂപീകരിച്ചു.
ഇലക്ട്രിക്കൽ വെഹിക്കിൾ സർവീസ് ടെക്‌നിഷ്യൻ, ഇൻറ്റീരിയർ ലാൻഡ് സ്‌കേപ്പിങ് എന്നീ കോഴ്‌സുകളാണ് അനുവദിച്ചിട്ടുള്ളത്. 16 വയസ്സ് മുതൽ 23 വയസ്സ് വരെ പ്രായമുള്ള SSLC പരീക്ഷ വിജയിച്ച കുട്ടികളിൽ നിന്നും തിരഞ്ഞെടുക്കുന്ന 25 പേർ വീതം കുട്ടികൾക്കാണ് ഈ കോഴ്‌സുകളിൽ അവസരം ലഭിക്കുക. ഔട്ട് ഓഫ് സ്കൂൾ കുട്ടികൾ, ആദിവാസി മേഖലയിലെ കുട്ടികൾ, സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത് ഓപ്പൺ വിദ്യാഭ്യാസത്തിൽ പഠിക്കുന്നവർ, ഭിന്ന ശേഷി കുട്ടികൾ, ഹയർ സെക്കന്ററി, VHSE പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികൾ, ഹയർ സെക്കന്ററി വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികൾ എന്നിവർക്ക് ആയിരിക്കും സെന്ററിൽ പ്രവേശനം നൽകുക. രണ്ട് കോഴ്‌സുകളുടെ നിർവ്വഹണത്തിനും ഫർണിച്ചറുകൾക്കും ലാബ് സൗകര്യങ്ങൾ ഒരുക്കുന്നതിനുമായി 21. 5 ലക്ഷം രൂപയാണ് സർക്കാർ ഇതിനായി അനുവദിച്ചിട്ടുള്ളത്. സ്കൂൾ തല രൂപീകരണ യോഗത്തിൽ നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ടി വി ശാന്ത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ഭാർഗവി, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഷംസുദീൻ അറിഞ്ചിറ, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി ഗൗരി, വാർഡ് കൗൺസിലർ റഫീഖ് കോട്ടപ്പുറം, പി ടി എ പ്രസിഡണ്ട് മജീദ് ഇ കെ, പി ടി എ വൈസ് പ്രസിഡണ്ട് ടി പി ബഷീർ, പ്രിൻസിപ്പാൾ നിഷ ബി, സ്കൂൾ ഹെഡ്മാസ്റ്റർ സതീശൻ ആർ, ബ്ലോക്ക് പ്രൊജക്റ്റ് കോർഡിനേറ്റർ രാജേഷ് കെ വി, ബി ആർ സി കോർഡിനേറ്റർ നിഷ വി എന്നിവർ സംസാരിച്ചു.