ചെറുവത്തൂർ: ഹയർ സെക്കൻ്ററി തലം വരെയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ അഭിരുചിക്കും വൈദഗ്ദ്യത്തിനും അനുയോജ്യമായ തൊഴിൽ മേഖലകൾ തിരഞ്ഞെടുക്കാനായി കയ്യൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ അനുവദിച്ച സ്കിൽ ഡെവലപ്മെൻ്റ് സെൻ്റർ കമ്മറ്റി രൂപീകരണം നടന്നു. 16 നും 23 നും ഇടയിൽ പ്രായമുള്ള യുവതീയുവാക്കൾക്ക് ആധുനീക തൊഴിലുകളിൽ നൈപുണി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.ഡി. സി.കൾ പ്രവർത്തിക്കുന്നത്. നിലവിൽ ഔപചാരിക പഠനം തുടരുന്നവർക്കും പാതി വഴിയിൽ പഠനം മുടങ്ങിയവർക്കും പരിശീലന പരിപാടിയുടെ ഭാഗമാകാം. ഗ്രാഫിക് ഡിസൈനർ, ഇലക്ട്രിക്കൽ ഡൊമസ്റ്റിക് സൊല്യൂഷൻസ് എന്നീ കോഴ്സുകളിലായി കയ്യൂരിൽ 50 വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിക്കും. ഇതിൻ്റെ ഭാഗമായുള്ള സ്കിൽ ഡെവലപ്മെൻ്റ് സെൽ വികസന കമ്മറ്റി രൂപീകരിച്ചു. കയ്യൂർ-ചീമേനി പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അജിത്ത് കുമാർ എ.ജി യുടെ അധ്യക്ഷതയിൽ ചേർന്ന യോഗം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ എം. കുഞ്ഞിരാമൻ, ഷീബ.പി.ബി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രശാന്ത്.എം, ലീല. പി, പി.ടി.എ പ്രസിഡണ്ട് ടി.വി. രാജൻ, എസ്.എം.സി ചെയർമാൻ ലക്ഷ്മണൻ കെ. വി എന്നിവർ സംസാരിച്ചു. ചെറുവത്തൂർ ബി.ആർ.സി കോഡിനേറ്റർ സുനിൽകുമാർ. എം. റിപ്പോർട്ട് അവതരിപ്പിച്ചു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ചാർജ് വി.പി. സൗമ്യ കമ്മറ്റി പാനൽ അവതരിപ്പിച്ചു. പ്രിൻസിപ്പാൾ സുധ. പി.പി. സ്വാഗതവും ഹെഡ്മാസ്റ്റർ പ്രമോദ് ആലപ്പടമ്പൻ നന്ദിയും പറഞ്ഞു