കാഞ്ഞങ്ങാട്:അഞ്ചാം ക്ലാസുകാരനെ കൂട്ടിക്കൊണ്ടു പോകാൻ വന്ന യുവാവിന് സ്കൂൾ മാറിയത് ആശങ്കയും ഭീതിയും ഉണ്ടാക്കി. ഒടുവിൽ പോലീസിന്റെ കൃത്യമായ ഇടപെടലിൽ യുവാവിനെ കണ്ടെത്തുകയും സ്കൂൾ മാറിപ്പോയതാണെന്ന് സത്യം പോലീസ് സ്റ്റേഷനും ശേഷം പൊലിസിനോടൊപ്പം സ്കൂളിലും എത്തി വ്യക്തമാക്കുകയും ചെയ്തു. കാഞ്ഞങ്ങാട് പട്ടണത്തിലെ ഒരു സ്കൂളിലാണ് കഴിഞ്ഞദിവസം ഒരാൾ സ്കൂൾ സമയത്ത് അഞ്ചാം ക്ലാസുകാരനെ തേടിയെത്തിയത് അഞ്ചാം ക്ലാസുകാരന്റെ പേര് പറഞ്ഞ് അധ്യാപകർ അന്വേഷിച്ചു പോയ സമയത്ത് യുവാവിനെ കാണാനില്ല. അധ്യാപകർ കോമ്പൗണ്ടിൽ നോക്കിയ സമയത്ത് അയാളെ കാണുകയും ചെയ്തില്ല. അധ്യാപകൻ ഉടനെ കുട്ടിയുടെ വീട്ടിൽ വിളിക്കുകയും അങ്ങനെ ഒരാളെ ഞങ്ങൾ പറഞ്ഞു വിട്ടിട്ടില്ലെന്നും ഇവിടെ വീട്ടിൽ അത്യാവശ്യമായി ഒന്നുമില്ലെന്ന് അറിയാൻ കഴിഞ്ഞു. ഇതോടെ അധ്യാപകരും വീട്ടുകാരും ആശങ്കയിലായി. പരാതി പോലീസിന്റെ മുന്നിലെത്തി പോലീസ് ഇൻസ്പെക്ടർ പി അജിത് കുമാറിന്റെ നിർദ്ദേശപ്രകാരം സബ്.ഇൻസ്പെക്ടർമാരായ അഖിൽ ടി , പ്രേമരാജൻ , ജനമൈത്രി പോലീസുകാരായ പ്രദീപൻ കോതോളി, ഷൈജു മോഹൻ എന്നിവർ സ്കൂളിൽ എത്തി അന്വേഷിക്കുകയും നിരവധി സിസി ക്യാമറകൾ പരിശോധിക്കുകയും യുവാവിനെ കണ്ടെത്തുകയും ചെയ്തു. സ്കൂളിലെ ഗേറ്റ് ഡ്യൂട്ടി എടുക്കുന്ന എസ്പിസി കേഡറ്റുകൾ ആണ് ഇയാളെ തിരിച്ചറിയാൻ സഹായിച്ചത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സ്കൂൾ മാറിപ്പോയ കാര്യം വ്യക്തമാക്കിയത്. കുട്ടിയെ കണ്ടപ്പോൾ തന്നെ തനിക്ക് സ്കൂൾ മാറിയതായി ബോധ്യപ്പെട്ടതും സത്യം പറഞ്ഞാൽ അധ്യാപകർ വിശ്വസിച്ചില്ലെങ്കിലോ എന്ന് കരുതിയാണ് പെട്ടെന്ന് സ്കൂളിൽ നിന്ന് പോയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. സ്കൂളിൽ നിന്നും കുട്ടികളെ കൂട്ടിക്കൊണ്ടുപോകുന്നത് രക്ഷിതാക്കൾ മാത്രമേ പോകാവൂ എന്നും, കൃത്യമായി അന്വേഷിച്ചു മാത്രമേ കുട്ടികളെ സ്കൂളിൽ നിന്നും വിടാൻ പാടുള്ളൂ എന്നും നിർദേശിക്കുകയും , സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ശക്തമാക്കുവാനും സ്കൂളുകളിൽ പരമാവധി സിസി ക്യാമറ സ്ഥാപിക്കുവാനും ശ്രമിക്കണമെന്നും ഹോസ്ദുർഗ് ഇൻസ്പെക്ടർ അജിത് കുമാർ അഭിപ്രായപ്പെട്ടു.