നീലേശ്വരം: ജില്ലയിലെ യാത്ര ദുരിത പരിഹാരത്തിനായി പുതുതായി അനുവദിച്ച ഷൊർണ്ണൂർ, കണ്ണൂർ പാസഞ്ചർ ട്രെയിൻ കാസർകോട് വരെ നീട്ടണമെന്ന് യോഗക്ഷേമസഭ ജില്ലാ വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. നീലേശ്വരം പട്ടേന സുവർണ്ണ വല്ലി ക്ഷേത്രാങ്കണത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി എൻ കൃഷ്ണൻ പോറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് കെ എ ശങ്കരൻ നമ്പൂതിരി അദ്ധ്യക്ഷനായി. ടി പി പത്മകുമാർ അനുശോചനവും, ജില്ലാ ജോ. സെക്രട്ടറി എ പി ശ്രീനിവാസൻ വാർഷിക റിപ്പോർട്ടും, ജില്ലാ ട്രഷറർ ഇ ശ്രീധരൻ എമ്പ്രാന്തിരി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മുൻ സെക്രട്ടറി പാലമംഗലം മുരളിധരൻ പ്രമേയങ്ങൾ അവതരിപ്പിച്ചു. പുസ്തക സമ്പാദകൻ എം പി ഈശ്വരൻ എമ്പ്രാന്തിരി ,കഥകളി അവാർഡ് ജേതാവ് കേശവകുണ്ട്ലായർ, പാചക വിദഗ്ധൻ എൻ എസ് ശങ്കരൻ നമ്പൂതിരി , സാഹിത്യകാരി ബിന്ദു മരങ്ങാട്, കവി ജയ കൃഷ്ണൻ മാടമന പട്ടേന, ശ്രീരാമൻ മാടമന പുതുക്കൈ , ഉന്നത റാങ്ക് നേടിയ പി എൻ ഹരിത, എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടീയ വിദ്യാർത്ഥികളെയും ഉപഹാരം നൽകി ആദരിച്ചു. ഉത്തരമേഖലാ പ്രസിഡണ്ട് കൽപമംഗലം നാരായണൻ നമ്പൂതിരി , സംസ്ഥാന സമിതി അംഗം പത്മനാഭൻ നമ്പൂതിരി , ജില്ലാ ബ്രാഹ്മണ പരീക്ഷത്ത് സെക്രട്ടറി സൂര്യനാരായണ ഭട്ട്, ബ്രഹ്മശ്രീ പുല്ലർ യോഗ സഭ പ്രസിഡണ്ട് എം വിഷ്ണു പ്രകാശൻ കുണ്ട്ലായാർ വരക്കാട്, ജില്ലാ വനിതാ പ്രസിഡണ്ട് കെ ഗിരിജ, പട്ടേന ഉപസഭ സെക്രട്ടറി ശ്രീധരൻ ഭട്ടതിരി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ഗോവിന്ദൻ നമ്പൂതിരി സ്വാഗതവും, ജില്ലാ വനിതാ സെക്രട്ടറി കെ എൻ ശ്യാമള നന്ദിയും പറഞ്ഞു.