
രാമമംഗലം എന്ന ദേശപ്പെരുമയ്ക്ക് കേരളീയ ശാസ്ത്രീയ സംഗീതത്തിന്റെ മുദ്രചാര്‍ത്തിയ വാഗ്ഗേയകാരനുള്ള സ്മരണാഞ്ജലിയായി കേരള സംഗീത നാടക അക്കാദമി എല്ലാ വര്‍ഷവും ഷട്കാല ഗോവിന്ദമാരാര്‍ സംഗീതോത്സവം നടത്തി വരികയാണ്. ഈ വര്‍ഷത്തെ സംഗീതോത്സവം നവംബര്‍ ഒന്‍പത്,പത്ത് തീയ്യതികളിലാണ് സംഘടിപ്പിച്ചത്. നവംബര്‍ ഒന്‍പതിന് കാലത്ത് താഴുത്തേടത്ത് മുരളീധരമാരാരും സംഘവും അവതരിപ്പിച്ച കേളിയോടെയാണ് സംഗീതോത്സവത്തിന് തുടക്കം കുറിച്ചത് . തുടര്‍ന്ന് തൃക്കാമ്പുറം ജയന്റെ സോപാനസംഗീതവും പത്തിന് വി.ജയദേവന്‍, ഡോ.ആര്‍.എല്‍.വി.ഗിരിജ, നെച്ചൂര്‍ ആര്‍.രതീശന്‍ തുടങ്ങിയവര്‍ നയിച്ച ത്യാഗരാജ പഞ്ചരത്‌നകീര്‍ത്തനാലാപനവും നടന്നു. ഉച്ചയ്ക്ക് കാവില്‍ സുന്ദരന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന പരിഷവാദ്യം അരങ്ങേറി. വൈകീട്ട് നടന്ന ചടങ്ങില്‍ ദ്വിദിന സംഗീതോത്സവം അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു . ഷട്കാല ഗോവിന്ദമാരാര്‍ സ്മാരക കലാസമിതി പ്രസിഡണ്ട് പ്രൊഫ.ജോര്‍ജ്ജ് എസ്.പോള്‍ അധ്യക്ഷത വഹിച്ചു. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി മുഖ്യപ്രഭാഷണം നടത്തി . കഥകളിച്ചെണ്ട ആചാര്യന്‍ ആര്‍.എല്‍.വി.സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയെ ചടങ്ങില്‍ ആദരിച്ചു. രാമമംഗലം പഞ്ചായത്ത് പ്രസിഡണ്ട് പി.വി സ്റ്റീഫന്‍, ജില്ലാ പഞ്ചായത്ത് അംഗം ആശ സനില്‍, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജോ ഏലിയാസ് എന്നിവര്‍ സംസാരിച്ചു. അക്കാദമി പ്രോഗ്രാം ഓഫീസര്‍ വി.കെ. അനില്‍കുമാര്‍ സ്വാഗതവും ഷട്കാല ഗോവിന്ദമാരാര്‍ സ്മാരക കലാസമിതി സെക്രട്ടറി കെ.ജയചന്ദ്രന്‍ നായര്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിനുശേഷം ഡോ.സദനം കെ.ഹരികുമാറും സംഘവും അവതരിപ്പിച്ച സംഗീതക്കച്ചേരിയും അരങ്ങേറി . കച്ചേരിയില്‍ പ്രൊഫ ആര്‍.സ്വാമിനാഥന്‍(വയലിന്‍),കല്ലേക്കുളങ്ങര ഉണ്ണികൃഷ്ണന്‍(മൃദംഗം),ദിപു ഏലംകുളം(ഘടം) എന്നിവരും അണിനിരന്നു.
സംഗീതോത്സവത്തിന്റെ രണ്ടാംദിനമായ നവംബര്‍ പത്തിന് രാവിലെ നെച്ചൂര്‍ ആര്‍.രതീശന്‍ നയിച്ച ഷട്കാലഗോവിന്ദ പഞ്ചരത്‌നകീര്‍ത്തനാലാപനവും തുടര്‍ന്ന് കച്ചേരിയും അരങ്ങേറി. വിശ്വരാജ് വിനയകുമാറും വേദ വിനയകുമാറും അവതരിപ്പിച്ച സോപാന സംഗീതമാണ് ആ ദിവസത്തെ മറ്റൊരു പ്രധാനപ്പെട്ട പരിപാടി. വൈകീട്ട് നടന്ന സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സ്മിത എല്‍ദോസ് ഉദ്ഘാടനം ചെയ്തു. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി അധ്യക്ഷത വഹിച്ചു. രാമമംഗലം പഞ്ചായത്ത് വൈസ്പ്രസിഡണ്ട് മേരി എല്‍ദോസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.ജിന്‍സന്‍ വി.പോള്‍, പഞ്ചായത്ത് മെമ്പര്‍ അശ്വതി മണികണ്ഠന്‍, ഷട്കാല ഗോവിന്ദമാരാര്‍ സ്മാരക കലാസമിതി വൈസ്പ്രസിണ്ട് ടി.കെ.അലക്‌സാണ്ടര്‍ എന്നിവര്‍ സംസാരിച്ചു. ഷട്കാല ഗോവിന്ദമാരാര്‍ സ്മാരക കലാസമിതി പ്രസിഡണ്ട് പ്രൊഫ. ജോര്‍ജ്ജ് എസ്.പോള്‍ സ്വാഗതവും കലാസമിതി ജോയിന്റ് സെക്രട്ടറി പി.പി. രവീന്ദ്രന്‍ നന്ദിയും പറഞ്ഞു . തുടര്‍ന്ന് പ്രശസ്ത നര്‍ത്തകി ഡോ.രാജശ്രീ വാര്യര്‍ ഭരതനാട്യം അവതരിപ്പിച്ചു. സംഗീതോത്സവത്തില്‍ പങ്കെടുത്ത കലാപ്രതിഭകളെ സംഗീത നാടക അക്കാദമിക്കും ഷഡ്കാല ഗോവിന്ദമാരാര്‍ കലാസമിതിക്കും വേണ്ടി അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആദരിച്ചു.