പകുതി വിലയ്ക്ക് സ്കൂട്ടറും തയ്യൽ മെഷീനും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പിൽ കണ്ണൂരിൽ മാത്രം രണ്ടായിരത്തോളം പരാതികൾ.കണ്ണൂര്‍, തളിപ്പറമ്പ്, ശ്രീകണ്ഠപുരം, മയ്യില്‍, വളപട്ടണം, പയ്യന്നൂര്‍ സ്റ്റേഷനുകളിലാണ് പരാതികള്‍ ലഭിച്ചത്. രണ്ട് വർഷം മുൻപ് ജില്ലയിൽ രൂപീകരിച്ച സീഡ് സൊസൈറ്റികൾ വഴിയാണ് കോടികൾ സമാഹരിച്ചത്. പ്രൊമോട്ടർമാരും തട്ടിപ്പിൽ പെട്ടുപോയിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. കണ്ണൂർ ടൗൺ പൊലീസെടുത്ത കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസന്‍റും പ്രതിയാണ്.
കണ്ണൂർ ബ്ലോക്കിൽ 494 പേരിൽ നിന്ന് മൂന്നു കോടിയോളം തട്ടിയെന്നാണ് കേസ്. തട്ടിപ്പ് കേസിൽ അറസ്റ്റിലായ അനന്തു കൃഷ്ണൻ ഉള്‍പ്പെടെ ഏഴു പ്രതികളാണുള്ള്. ഇതിൽ ഏഴാം പ്രതിയാണ് നിയമോപദേഷ്ടാവായ ലാലി വിന്‍സെന്‍റ്. സംസ്ഥാനത്താകെ നടന്ന തട്ടിപ്പിന്‍റെ വ്യാപ്തി ആയിരം കോടിയോളം വരുമെന്നാണ് പൊലീസ് പറയുന്നത്. തട്ടിപ്പ് കേസിന്‍റെ അന്വേഷം ക്രൈംബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന വിഭാഗം ഏറ്റെടുക്കും. പ്രതി അനന്തു കൃഷ്ണന്‍റെ രാഷ്ട്രീയ ബന്ധങ്ങളിൽ അന്വേഷണം ഉണ്ടാകും.
അനന്തു കേസിൽ ബലിയാടായതാണെന്നും നിയമോപദേശം താൻ നൽകിയിരുന്നുവെന്നും സാമ്പത്തിക ഇടപാടുകളിൽ ബന്ധമില്ലെന്നും ലാലി വിന്‍സെന്‍റ് പ്രതികരിച്ചു. അനന്തു തനിക്ക് മകനെ പോലെയാണെന്നും തന്നെ പ്രതിയാക്കിയത് രാഷ്ട്രീയപ്രേരിതമായിട്ടായിരിക്കാമെന്നും ലാലി വിന്‍സെന്‍റ് പറഞ്ഞു.
ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കോഴിക്കോട് ജില്ലക്കാരാണ് തട്ടിപ്പിന് ഇരയായവരിൽ കൂടുതലും. ഇടുക്കിയിൽ മാത്രം 100 ഓളം പേർക്ക് പണം നഷ്ടമായെന്നാണ് വിലയിരുത്തൽ. മൂവാറ്റുപുഴയിൽ നിന്ന് മാത്രം തട്ടിയെടുത്തത് 9 കോടി രൂപ. 40000 മുതൽ 60,000 രൂപ വരെയാണ് ഒരാൾക്ക് നഷ്ടമായത്. പറവൂരിൽ മാത്രം ആയിരത്തിലധികം പേർ തട്ടിപ്പിനിരയായിട്ടുണ്ട്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, പോത്താനിക്കാട്, കോതമംഗലം പോലീസ് സ്റ്റേഷനുകളിൽ ആണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കണ്ണൂർ ജില്ലയിൽ മാത്രം 2000ലേറെ വനിതകൾ പൊലീസിൽ പരാതി നൽകി. കോഴിക്കോട് നടക്കാവ് സ്റ്റേഷനിലും കേസ്. 98 സ്ത്രീകളാണ് തട്ടിപ്പിന് ഇരയായത്.