
ചെറുവത്തൂർ : ഒരു ശതാബ്ദക്കാലമായി ചെറുവത്തൂരിന്റെ തീരദേശ മേഖലയിൽ അക്ഷരവെളിച്ചം പകർന്ന് നാടിന്റെ നന്മ വിദ്യാലയമായി മാറിയ ചെറുവത്തൂർ ഗവണ്മെന്റ് ഫിഷറീസ് വൊക്കെഷണൽ ഹയർസക്കന്ററി സ്കൂളിൽ ഈ വർഷത്തെ വാർഷികാഘോഷവും സ്തുത്യർഹമായ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന ജീവനക്കാർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു.
മുപ്പത്തിലധികം വർഷത്തെ സുദീർഘമായ സേവനത്തിനു ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന എം. അരുണ ടീച്ചർ, കെ. പത്മിനി ടീച്ചർ, സി. പി രമണി ടീച്ചർ, ഓഫീസ് അറ്റന്റൻറ് ടോമി ജോസഫ് എന്നിവർക്കുള്ള സ്കൂൾ പി ടി എ, സ്റ്റാഫ് കൌൺസിൽ എന്നിവയുടെ യാത്രയയപ്പാണ് സമുചിതമായി സംഘടിപ്പിച്ചത്. നിരവധി തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന ഇവരെല്ലാവരും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും നാട്ടുകാരുടെയും പ്രിയപ്പെട്ടവരായിരുന്നു.
സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് ചടങ്ങും ഉപഹാര സമർപ്പണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 2025 ലെ ജില്ലാ പഞ്ചായത്ത് സമം -വനിതാരത്നം പുരസ്കാരം നേടിയ ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീളയെ ചടങ്ങിൽ അനുമോദിച്ചു.
വി. എച്ച്. എസ്. ഇ പ്രിൻസിപ്പാൾ ടി. കെ രമ്യ ടീച്ചർ, സ്കൂൾ ഹെഡ്‌മിസ്ട്രെസ് കെ. ഹേമലത ടീച്ചർ, പി ടി എ പ്രസിഡന്റ് ഇ. വി ഷാജി, എസ്. എം. സി വൈസ് ചെയർമാൻ എം കെ സുരേന്ദ്രൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു.യാത്രയയപ്പ് നൽകിയ കെ. പത്മിനി ടീച്ചർ, സി. പി രമണി ടീച്ചർ, ടോമി ജോസഫ് എന്നിവർ മറുപടി പ്രസംഗം നടത്തി. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. വി പ്രമീള അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ കെ. ദിവാകരൻ മാസ്റ്റർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രമോദ് ആറിൽ നന്ദിയും പ്രകാശിപ്പിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും വിവിധ കലാ പരിപാടികൾ നൃത്തനിലാവും അരങ്ങേറി.