മലപ്പുറം: ആഡംബര ഹോട്ടലുകള്‍ക്ക് റിവ്യൂ എഴുതിയാല്‍ വന്‍ തുക പ്രതിഫലം ലഭിക്കുമെന്ന് പറഞ്ഞ് തട്ടിപ്പ്. മലപ്പുറം വള്ളിക്കുന്ന് സ്വദേശിയുടെ അഞ്ചു ലക്ഷത്തിലധികം രൂപ നഷ്ടമായി. വന്‍കിട ഹോട്ടലുകള്‍ക്ക് റേറ്റിങ് കൂട്ടാനുള്ള റിവ്യൂ എഴുതിയാല്‍ ധാരാളം പണം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു സൈബര്‍ കുറ്റവാളികള്‍ സമീപിച്ചത്. ഇത്തരത്തില്‍ ടെലഗ്രാം വഴിയായിരുന്നു നിരവധി ആളുകളെ പ്രലോഭിപ്പിച്ച് കെണിയില്‍ വീഴ്ത്തിയത്. ‘ആപ്പിള്‍ വെക്കേഷന്‍’ എന്ന പേരിലുള്ള വ്യാജ കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്.
വ്യാജ ജോലി വാഗ്ദാനത്തില്‍ കുടുങ്ങിയ വള്ളിക്കുന്ന് സ്വദേശിയില്‍ നിന്ന് അഞ്ചു ലക്ഷത്തോളം രൂപയാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിച്ചെടുത്തത്. ആഡംബര ഹോട്ടലുകളുടെ റിവ്യൂ എഴുതി സ്ഥാപനത്തിന്റെ റേറ്റിങ് കൂട്ടിക്കൊടുത്താല്‍ നല്ല തുക പ്രതിഫലമായി നല്‍കുമെന്നായിരുന്നു മോഹനവാഗ്ദാനം. ഇതുപ്രകാരം ആദ്യ ദിനത്തില്‍ 2500 രൂപ പ്രതിഫലം വള്ളിക്കുന്ന് സ്വദേശിക്ക് നല്‍കി. കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതിനായി മുന്നോട്ടുപോകാന്‍ 10,000 രൂപ തട്ടിപ്പ് സംഘം ആവശ്യപ്പെട്ടു. ഇത് നല്‍കിയപ്പോള്‍ പുതിയ ഓഫര്‍ നല്‍കി 19,500 രൂപ വാങ്ങിയെടുത്തു. വരുമാനം കൂട്ടാനുള്ള ഓഫറുകള്‍ തുടര്‍ച്ചായി വന്നുകൊണ്ടിരുന്നു. ഏറ്റവും ഒടുവില്‍ 65,000 രൂപ നല്‍കി. രണ്ടു ലക്ഷം അടയ്ക്കാനുള്ള പുതിയ ഓഫറില്‍ വഴങ്ങാതായതോടെ ഫോണ്‍വിളികളും ടെലഗ്രാം വഴി ഭീഷണി സന്ദേശങ്ങളുമെത്തി. തട്ടിപ്പാണെന്ന് മനസിലാക്കി പിന്മാറാന്‍ ശ്രമിച്ചപ്പോഴേക്കും വ്യക്തിവിവരങ്ങളും ഫോട്ടോകളും തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നു. പണം നല്‍കാന്‍ വിസമ്മതിച്ചതോടെ ടെലഗ്രാം വഴി നഗ്നഫോട്ടോ മോര്‍ഫ് ചെയ്തയച്ച് ഭീഷണിപ്പെടുത്തി. മാനഹാനിയും ഭയവും കാരണം പിന്നീട് പല ഘട്ടങ്ങളിലായി അഞ്ചു ലക്ഷത്തോളം രൂപ നല്‍കി. ആശയവിനിമയം മുഴുവന്‍ ടെലഗ്രാമിലൂടെയായതിനാല്‍ പണം അപഹരിച്ച സംഘത്തെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇത്തരത്തില്‍ നിരവധി പേര്‍ക്കാണ് വ്യാജ ജോലി വാഗ്ദാനത്തിലൂടെ പണം നഷ്ടമായിട്ടുള്ളത്. ആദ്യം ചെറിയ തുക പ്രതിഫലം നല്‍കി വിശ്വാസം നേടിയെടുത്ത ശേഷമായിരുന്നു വന്‍ തുക തട്ടിച്ചെടുക്കുന്നത്. സമീപ കാലത്ത് ബഹുരാഷ്ട്ര ഐടി കമ്പനിയിലെ ജീവനക്കാരിക്കും സമാനമായി പണം നഷ്ടമായിരുന്നു.