കരിവെള്ളൂർ : “മലയാളഭാഷ തൻ മാദക ഭംഗി നിൻ
മലർ മന്ദഹാസമായ് വിരിയുന്നു.
കിളികൊഞ്ചും നാടിന്റെ ഗ്രാമീണ ശൈലി നിൻ
പുളിയിലക്കര മുണ്ടിൽ തെളിയുന്നു.”
‘പ്രേതങ്ങളുടെ താഴ് വര ‘എന്ന ചിത്രത്തിനു വേണ്ടി പി. ജയചന്ദ്രൻ പാടിയ വരികൾ നാടകകൃത്തും പ്രഭാഷകനുമായ പ്രകാശൻ കരിവെള്ളൂർ പാടിയ പ്പോൾ ശ്രോതാക്കളുടെ മനസ്സിൽ ഓർമ്മകളുടെ മലർ മന്ദഹാസം വിരിഞ്ഞു. ശ്രോതാക്കളുടെ ഹരം കൊള്ളിക്കുന്ന സിനിമാ ഗാനങ്ങൾ കോർത്തിണക്കി ആകാശവാണി അവതരിപ്പിച്ച’ രഞ്ജിനി ‘ പരിപാടിയിൽ പി. ജയചന്ദ്രൻ്റെ പാട്ടുകൾക്ക് വേണ്ടി മാത്രം കാത്തിരുന്ന നാളുകളെ കുറിച്ച് അദ്ദേഹം സൂചിപ്പിച്ചപ്പോൾ സ്ത്രീകളടക്കമുള്ള മുതിർന്ന സദസ്സ് കുറച്ചു സമയത്തേക്ക് കുട്ടിക്കാലത്തേക്ക് തിരിച്ചു പോയി. മലയാളത്തിനു മേൽ പാട്ടിന്റെ വെൺ മഞ്ഞല പുതപ്പിച്ച ഭാവഗായകൻ പി. ജയചന്ദ്രന് പ്രണാമമർപ്പിച്ച് പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ഒരുക്കിയ ‘ഓരോ നിമിഷവുമോരോ നിമിഷവുമോർമ്മയിൽ’ എന്ന പരിപാടിയിലാണ് സംഗീതാസ്വാദകർ ജയചന്ദ്രൻ ആലപിച്ച പാട്ടുകളെ ഹൃദയത്തോടു ചേർത്തു പിടിച്ചത്. വർഷങ്ങൾക്ക് മുമ്പ് സ്വാമി കൃഷ്ണാനന്ദ ഭാരതിയുടെ നേതൃത്വത്തിൽ പയ്യന്നൂരിൽ സംഘടിപ്പിച്ച സത്കലാപീഠം പരിപാടിയിൽ പ്രേം നമ്പറീറിൻ്റെ ചുണ്ടനക്കത്തിലൂടെ കേരളക്കര ഏറ്റുവാങ്ങിയ ‘സുപ്രഭാതം…. സുപ്രഭാതം… ‘എന്നു തുടങ്ങുന്ന അനശ്വരഗാനം പാടി പി. ജയചന്ദ്രൻ്റെ പ്രശംസ പിടിച്ചു പറ്റിയ കരിവെള്ളൂരിൻ്റെ അനുഗൃഹീത ഗായകൻ പി. ഈശ്വരൻ നമ്പൂതിരി സംഗീതാർച്ചനയിൽ ഒരു വട്ടം കൂടി ആ പാട്ട് പാടിയപ്പോൾ
ശ്രോതാക്കൾ ഹർഷ പുളകിതരായി.
വടക്കുമ്പാട് ബിനു എം. സുചിത്ര ദമ്പതികളുടെ സ്നേഹമുറ്റത്ത് നടന്ന പരിപാടിയിൽ പി.വി. വിജയൻ അധ്യക്ഷനായി. പി.ടി. ഷൈനി ടീച്ചർ, ടി.വി. ഗിരിജ ടീച്ചർ, പയ്യാടക്കത്ത് ശാന്തമ്മ എന്നിവരും ഗാനങ്ങൾ ആലപിച്ചു.
യുവ എഴുത്തുകാരി പടന്നക്കാപ്പുറത്തെ മൈസൂന ഹാനിയുടെ ജലാലാ ബാദിലെ നക്ഷത്രങ്ങൾ എന്ന കവിതാ സമാഹാരം രമേശൻ നരിക്കോട് പരിചയപ്പെടുത്തി. മൈസൂന എഴുത്തനുഭവം സദസ്സുമായി പങ്കു വെച്ചു. എ രത്നാവതി ടീച്ചർ, അബ്ദുൾ സമദ് ടി.കെ.പാലക്കുന്ന്,ശശിധരൻ ആലപ്പടമ്പൻ , കെ.സി മാധവൻ, മനോജ് ഏച്ചിക്കൊവ്വൽ കൊടക്കാട് നാരായണൻ സംസാരിച്ചു. ബിനു എം. സ്വാഗതവും കെ. സുബൈർ നന്ദിയും പറഞ്ഞു.