ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ടെന്ന് അധികൃതർ പറഞ്ഞതിനെ തുടർന്ന് താമസിച്ചിരുന്ന വീട് പൊളിച്ച് പെരുവഴിയിലായ മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ അടുക്കത്ത് ബയൽ കോട്ടവളപ്പിൽ സാവിത്രിക്കും കുടുംബത്തിനും നീതി ലഭിക്കാൻ സംസ്ഥാന സർക്കാരും, കാസർകോട് ജില്ലാ കളക്ടറും അടിയന്തിരമായി ഇടപെടണമെന്ന് സ്ഥലം സന്ദർശിച്ച തീയ്യ മഹാസഭ സംസ്ഥാന പ്രസിഡന്റ് ഗണേഷ് അരമങ്ങാനം ആവിശ്യപ്പെട്ടു.
മാനസികമായും, ശാരീരികമായും വെല്ലുവിളി നേരിടുന്ന രണ്ട് ആൺമക്കളുള്ള സാവിത്രിയുടെ കുടുംബത്തോട് പഞ്ചായത്ത് അധികാരികളും ഉദ്യോഗസ്ഥരും ചെയ്തത് വലിയ ക്രൂരതയാണ്. ലൈഫ് പദ്ധതിയിൽ വീട് ലഭിക്കുമെന്ന് പറഞ്ഞ് നിലവിൽ താമസിച്ചു വന്നിരുന്ന ചെറിയ കൂര പൊളിച്ച് മാറ്റിയതിന് ശേഷം വീട് വേറെ ആൾക്കാണ് പാസായത് എന്ന് പറഞ്ഞു പറ്റിച്ച ഉദ്യോഗസ്ഥനോട് കൊടുത്ത രേഖകൾ തിരിച്ചു ചോദിച്ചപ്പോൾ ഓഫീസ് മുറിയിൽ പൂട്ടിയിട്ട സംഭവം സാക്ഷര കേരളത്തിന് അപമാനമാണ്. ഈ വിഷയം വളരെ ഗൗരവത്തോടെ ജില്ലാ ഭരണകൂടവും, സംസ്ഥാന സർക്കാരും കാണണമെന്ന് ഗണേഷ് അരമങ്ങാനം കൂട്ടിച്ചേർത്തു. സാവിത്രിക്കും കുടുംബത്തിനും തിയ്യ മഹാസഭയുടെ എല്ലാവിധ സഹായ സഹകരണങ്ങളും ഗണേഷ് അരമങ്ങാനം ഉറപ്പു നൽകി. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രമിള മജൽ, കാസർകോട് പുലിക്കുന്ന് ശ്രീ ഭഗവതി സേവ സംഘം പ്രസിഡന്റ് എൻ. സതീഷ് മന്നിപ്പാടി എന്നിവരും ഒപ്പമുണ്ടായിരുന്നു.