കരിവെള്ളൂർ : ആസ്വാദകർക്ക് ഹരമായി ബാവുൽ സംഗീതവും ഗീതാഞ്ജലിയും.
പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ സന്തോഷ് കാന അവതരിപ്പിച്ച സംഗീത തീർഥയാത്ര നവ്യാനുഭവമായി. വടക്കുമ്പാട് ഗ്രാമത്തിലെ വീട്ടു മുറ്റത്ത് വിശ്വ മഹാകവി രവീന്ദ്ര നാഥ ടാഗോറിൻ്റെ ഗീതാഞ്ജലി നാടോടി കലാരൂപമായ ബാവുൽ സംഗീതത്തിൻ്റെ പശ്ചാത്തലത്തിൽ ഭാവഗീതങ്ങളായി പെയ്തിറങ്ങുകയായിരുന്നു. കരിവെള്ളൂർ സ്വദേശിയും ഹരിയാന കേന്ദ്രീയ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം ഇംഗീഷ് അധ്യാപകനും എഴുത്തുകാരനും നടനും യു ട്യൂബ് വ്ളോഗറുമായ സന്തോഷ് കാനയാണ് മലയാളികൾക്ക് ഏറെ പരിചയമില്ലാത്ത ബാവുൽ സംഗീതത്തിൻ്റെയും രബീന്ദ്ര സംഗീതത്തിൻ്റെയും പശ്ചാത്തലത്തിൽ ഗീതാഞ്ജലിക്ക് ദൃശ്യ ഭാഷ ഒരുക്കിയത്.ഐ.എ.എസ് ഉദ്യോഗസ്ഥനായി വിരമിച്ച കെ.ജയകുമാർ രചിച്ച ‘ഗീതാഞ്ജലി’ പരിഭാഷയിലെ 18 കാവ്യദളങ്ങൾ ഒൻപത് ഭാഗങ്ങളായി തിരിച്ച് സിത്താർ സംഗീതത്തിന്റെ സ്പർശത്തോടുകൂടി സന്തോഷ് കാന ഒരുക്കിയ കാവ്യാഞ്ജലി യു ട്യൂബിലൂടെ നിരവധി ആളുകളാണ് ഇതിനകം ആസ്വദിച്ചത്. ലളിതമായ നാടൻ സംഗീതോപകരണങ്ങൾ മാത്രം ഉപയോഗിച്ച് മനുഷ്യ സ്നേഹത്തിൻ്റെയും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെയും കുറിച്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് വിശ്വമഹാകവി രചിച്ച കവിതകൾക്ക് സന്തോഷ് നൽകിയ മാന്ത്രിക സ്പർശം കൊടക്കൽ ജാനകിയമ്മയുടെ വീട്ടുമുറ്റത്ത് ഒത്തു കൂടിയ നിറഞ്ഞ സദസ്സിന് മറക്കാനാവാത്ത അനുഭവമായി. ചടങ്ങിൽ ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ അധ്യക്ഷനായി. സന്തോഷിൻ്റെ പിതാവും 1989 ലെ സംസ്ഥാന അധ്യാപക അവാർഡു ജേതാവുമായ എം വി കരുണാകരൻ മാസ്റ്ററെ റിട്ട. പ്രഥമാധ്യാപകൻ കെ.വി ഗോവിന്ദൻ മാഷ് പൊന്നാടയണിയിച്ചു. പാഠശാലയുടെ ഉപഹാരം കൊടക്കൽ ജാനകിയമ്മ സന്തോഷ് കാനയ്ക്ക് സമ്മാനിച്ചു. ജബ്ബാർ ടി എ, കെ.വി. മധു മാഷ്, കെ.പി. രമേശൻ, കെ.സി. മാധവൻ, രശ്മി രാജേഷ്, എ ഗോവിന്ദൻ സംസാരിച്ചു. കെ.വി. രാജേഷ് സ്വാഗതവും കെ.പി.രഞ്ജിത്ത് നന്ദിയും പറഞ്ഞു.