കാസർകോട് ജില്ലയിൽ പുല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന സാംസ്കാരിക കൂട്ടായ്മയായ സംസ്കൃതി പുല്ലൂർ അധ്യാപക ശ്രേഷ്ഠനായിരുന്ന വി.കോമൻമാസ്റ്റരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ ചെറുകഥാപുരസ്കാരംഡോ.അംബികാസുതൻ മാങ്ങാടിന്. 2024ൽരചിച്ച”പുസ്തകവീട് “എന്ന കഥക്കാണ് . പുരസ്കാരം. ഗുരു ശിഷ്യ ബന്ധത്തെ സൗമ്യമായി ആഖ്യാനം ചെയ്യുകയും ആഴമേറിയ മനുഷ്യസ്നേഹത്തെ വിളംബരം ചെയ്യുകയും ചെയ്യുന്ന പുസ്തകവീട് സാഹിത്യകൃതികളുടെ ജൈവവായനയിലേക്ക് വാതിൽ തുറന്നിടുന്ന രചനയാണെന്നും ആർദ്രവും ഉള്ളു പൊള്ളിക്കുന്നതുമായ വായനാനുഭവം പ്രദാനം ചെയ്യുന്നു വെന്നും ഭാഷയിലും ആവിഷ്കാരത്തിലും അനിതര സാധാരണമായ കൈയടക്കം പ്രകടമാക്കുന്നുവെന്നും അവാർഡ് നിർണയസമിതി നിരീക്ഷിച്ചു. കഥാകൃത്ത് ഡോ.സന്തോഷ് പനയാൽ, മാധ്യമപ്രവർത്തകൻ
രവീന്ദ്രൻ രാവണീശ്വരം, ജനാർദ്ദനൻ പുല്ലൂർ, കെ. ഗോപി മാസ്റ്റർ എന്നിവരടങ്ങുന്ന ജൂറിയാണ് അവാർഡ് നിർണയിച്ചത്. 10000 രൂപയും പ്രശസ്തിഫലകവുമാണ് പുരസ്കാരജേതാവിന് സമ്മാനിക്കുക. 26 ന് രണ്ടിന് പുല്ലൂർ കണ്ണാങ്കോട്ട് സംസ്കൃതി ഹാളിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ അവാർഡ് വിതരണം ചെയ്യും. കഥാകൃത്ത്.വി.ആർ സുധീഷ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും. പുല്ലൂർ ഗവ.യു.പി സ്കൂൾ, ഉദയനഗർ ഹൈസ്കൂൾ എന്നീ വിദ്യാലയങ്ങളിലെ ഒന്ന് മുതൽ ഒൻപത് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി പഠന മികവിന് ഏർപ്പെടുത്തിയ സംസ്കൃതി വിദ്യാഭ്യാസ എൻഡോവ്മെന്റുകളും വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ സംസ്കൃതി പ്രസിഡൻ്റ് രത്നാകരൻ മധുരമ്പാടി, ഡോ. സന്തോഷ് പനയാൽ, കെ. ഗോപി, വി.വി. ഉണ്ണികൃഷ്ണൻ വി.വി. ബാലകൃഷ്ണൻ, അനിൽ പുളിക്കാൽ, ഭാസ്ക്കരൻ പുല്ലൂർ എന്നിവർ പങ്കെടുത്തു