
നീലേശ്വരം നഗരസഭ യിലെ തീരദേശ മേഖലയിൽ ഉള്ള വാർഡുകളിൽപെട്ട കടിഞ്ഞിമൂല, പുറത്തേക്കൈ പ്രദേശങ്ങളിൽ വേനൽക്കാലത്ത് രൂക്ഷമായ തോതിൽ കാര്യങ്കോട്, നീലേശ്വരം പുഴയിൽ നിന്ന് ഉപ്പുവെള്ളം കയറി വ്യാപകമായ തോതിൽ തെങ്ങ്, കവുങ്ങ് എന്നിവ നശിച്ചു പോവുകയും ശുദ്ധജല സ്രോതസ് അടക്കം ഉപ്പുവെള്ളം കയറി നശിച്ചു പോവുകയും ചെയ്യുന്നു. കുടിവെള്ള പ്രശ്നം രൂക്ഷമാകുന്നതിനൊപ്പം ഉപ്പുവെള്ളം മണ്ണിലിറങ്ങി വീടുകൾക്ക് ബലക്ഷയം ഉൾപ്പെടെയുള്ള പ്രശ്നങ്ങളും ഉണ്ടാവുകയാണ്. ഇതിന് ഒരു ശ്വാശ്വത പരിഹാരം എന്നത്, 35 വർഷം മുൻപ് കെട്ടിയതതും കാലപ്പഴക്കത്താൽ താഴ്ന്നു പോയതും തകർന്നതും ആയ കാര്യങ്കോട്, നീലേശ്വരം പുഴകളുടെ കര ഭിത്തി ഉയർത്തി കെട്ടുക എന്നത് മാത്രമാണ്. ആയതു കൊണ്ട് ഈ പ്രദേശങ്ങളിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഉപ്പുവെള്ള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണാൻ ജലസേചന വകുപ്പ് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നീലേശ്വരം വില്ലേജ് തല ജനകീയ സമിതി യോഗം ആവശ്യപ്പെട്ടു. നഗരസഭാംഗം പി ബിന്ദു അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷരായ പി ഭാർഗ്ഗവി, ഷംസുദ്ദീൻ അരിഞ്ചിറ, ചാർജ് ഓഫീസർ പി വി തുളസീരാജ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ കൈ പ്രത്ത് കൃഷ്ണൻ നമ്പ്യാർ, കെ രാഘവൻ, സി രാഘവൻ എന്നിവർ സംബന്ധിച്ചു. സ്പെഷ്യൽ വില്ലേജ് ഓഫീസർ അജയൻ വി എം സ്വാഗതം പറഞ്ഞു.
.