റിയാസ് മൗലവി വധക്കേസിൽ കാസർകോട് ജില്ല സെഷൻസ് കോടതിയുടെ വിധി അപ്രതീക്ഷിതമാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി വാർത്താ കുറിപ്പിൽ പറഞ്ഞു. കഴിഞ്ഞ ഏഴുവർഷവും ഒരു ദിവസം പോലും ജാമ്യം അനുവദിക്കാതെ പ്രതികളെ റിമാൻഡിൽ തന്നെ വെക്കാൻ കഴിഞ്ഞിട്ടുള്ള അപൂർവ്വം കേസുകളിൽ ഒന്നാണിത്. കുറ്റമറ്റ രീതിയിലുള്ള അന്വേഷണം നടത്തിയാണ് പോലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. കുറ്റപത്രം പ്രതികളെ വായിച്ചു കേൾപ്പിച്ച സമയത്തോ വിചാരണ സമയത്ത് കുറ്റപത്രത്തെക്കുറിച്ച് എന്തെങ്കിലും അപാകത ഉള്ളതായി ഒരു വിമർശനവും ഉയർന്നിരുന്നില്ല. റിയാസ് മൗലവിയുടെ കുടുംബവും ആക്ഷൻ കമ്മിറ്റിയും ആവശ്യപ്പെട്ടതനുസരിച്ച് തന്നെയുള്ള സ്പെഷൽ പ്രോസിക്യൂട്ടറെ സംസ്ഥാന സർക്കാർ ഈ കേസിൽ നിയോഗിച്ചിരുന്നു. വിചാരണ വേളയിൽ ഒരു സാക്ഷി പോലും കൂറുമാറിയിരുന്നില്ല. അത്തരത്തിൽ സാക്ഷികൾ ഉൾപ്പെടെ ആവശ്യമായ സുരക്ഷ സർക്കാരിന്റെ ഭാഗത്തുനിന്ന് ഏർപ്പെടുത്തിയിരുന്നു. ഡി എൻ എ ടെസ്റ്റുൾപ്പെടെ നടത്തി ശാസ്ത്രീയമായ തെളിവുകൾ ഉൾപ്പെടെ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. എന്നിട്ടും കേസിലെ പ്രതികളെ വെറുതെ വിട്ടു കൊണ്ടുള്ള വിധി നിരാശജനകമാണ്. വിധി പകർപ്പ് ലഭിച്ചാൽ വിശദാംശങ്ങൾ അറിയാൻ സാധിക്കൂ. റിയാസ് മൗലവിയുടെ കുടുംബവുമായും ആക്ഷൻ കമ്മിറ്റിയുമായും ആലോചിച്ച് നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതാണ്.