ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുംവെട്ടില്‍ വിവരാവകാശ കമ്മീഷന്‍ വിധി പറയല്‍ മാറ്റി. ഇന്ന് 11 മണിക്ക് ഉത്തരവ് പുറത്തുവിടുമെന്നായിരുന്നു അറിയിച്ചിരുന്നത്. നിലവില്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കടുവെട്ട് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിടുന്നതിനെതിരെ പരാതി ലഭിച്ചിട്ടുണ്ട് എന്നാണ് വിവരം.
വിവരാവകാശ കമ്മീഷൻ മുമ്പിൽ പുതിയ പരാതി ലഭിച്ചിട്ടുണ്ടെന്നും ഈ പരാതി പരിശോധിച്ച ശേഷം മാത്രമേ ഉത്തരവ് സംബന്ധിച്ച് തീരുമാനം ഉണ്ടാകൂവെന്നുമാണ് അപ്പീൽ നൽകിയ മാധ്യമപ്രവർത്തകനെ വിവരാവകാശ കമ്മീഷണർ അറിയിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും സർക്കാർ വെട്ടിമാറ്റിയ ഭാഗങ്ങൾ ഇന്ന് പുറത്ത് വിടുമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ നേരത്തെ അറിയിച്ചത്. വിവരാവകാശ നിയമ പ്രകാരം മാധ്യമപ്രവർത്തകർ നൽകിയ അപ്പീലിലായിരുന്നു തീരുമാനം. ഹേമ കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിക്കുമ്പോൾ 29 പാരഗ്രാഫുകൾ ഒഴിവാക്കണമെന്നായിരുന്നു വിവരാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയത്. എന്നാൽ 130 ഓളം പാരഗ്രാഫുകൾ സർക്കാർ സ്വന്തം നിലയിൽ ഒഴിവാക്കിയാണ് റിപ്പോർട്ട് കൈമാറിയത്. ഇത് ചോദ്യം ചെയ്തുകൊണ്ടാണ് മാധ്യമപ്രവർത്തകർ അപ്പീൽ നൽകിയത്. വീണ്ടും പരാതി ലഭിച്ച സാഹചര്യത്തിൽ ഇനിയും റിപ്പോർട്ടിലെ ഈ ഭാഗങ്ങൾ പുറത്ത് വരാൻ വൈകുമെന്ന് ഉറപ്പായി.