
നീലേശ്വരം: ചിറപ്പുറം ആലിൻകിഴിലെ നീലേശ്വരം ഇലക്ട്രിസിറ്റി സബ് ഓഫീസിനു മുന്നിൽ നിന്നും വൈദ്യുതി കമ്പി കട്ടു കടത്താൻ ശ്രമിച്ച ഓട്ടോറിക്ഷ ഡ്രൈവറെ നീലേശ്വരം എസ് ഐ സി കെ മുരളീധരനും സംഘവും അറസ്റ്റ് ചെയ്തു. കയ്യൂർ ചെറിയാക്കരയിലെ ലെനീഷ് ഭാസ്കരനെയാണ് അറസ്റ്റ് ചെയ്തത്. മോഷണ സംഘത്തിൽ ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.ഇവരെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം . ആലിങ്കീഴിലെ മുൻസിപ്പൽ സ്റ്റേഡിയം പരിസരത്തു നിന്നും നായയുടെ കുരകേട്ട് പോലീസ് സംഘം അങ്ങോട്ട് ചെന്നപ്പോഴാണ് ആപ്പ ഓട്ടോറിക്ഷയിൽ നിറയെ വൈദ്യുതി കമ്പിയുമായി ഓട്ടോ ഡ്രൈവറെ പിടികൂടിയത്. പോലീസിനെ കണ്ടപ്പോൾ ഇയാളോടൊപ്പം ഉണ്ടായിരുന്ന രണ്ട് സ്ത്രീകൾ ഇരുളിലേക്ക് ഓടിമറഞ്ഞു. എസ് ഐ യോടൊപ്പം സിവിൽ പോലീസ് ഓഫീസർ ജിതിൻ മുരളി, ദിലീഷ് കുമാർ പള്ളിക്കൈ, ഹോം ഗാർഡ് ഗോപിനാഥൻ എന്നിവരും ഉണ്ടായിരുന്നു.