കാസറഗോഡ് ഉപജില്ലയിൽ സ്പോർട്സ്ന്റെ കാര്യത്തിൽ RHS നീലേശ്വർ എന്നും മുൻപന്തിയിൽ ആയിരുന്നു. ചാത്തുക്കുട്ടി നമ്പ്യാർ എന്ന കായികാധ്യാപകന്റെ ശിക്ഷണത്തിൽ ഹൈജമ്പ് പോൾ വാൾട്ട് ഇനങ്ങളിൽ മുടി ചൂടാ മന്നനായിരുന്നു അന്നത്തെ വിദ്യാർത്ഥി രാമചന്ദ്ര മാരാർ. ഉയരം കഷ്ടി 5 അടി മാത്രം ഉള്ള മാരാർ താളത്തിൽ പതിയെ തുടങ്ങി ക്രോസ്സ് ബാറിനടുത്ത് എത്തുമ്പോൾ കുതിച്ചു പൊങ്ങി വായുവിൽ പറന്ന് അപ്പുറം മണലിലേക്ക് ഊർന്ന് വീഴുന്ന കാഴ്ച അന്ന് കാണികൾക്ക് അദ്‌ഭുതവും ആവേശവും രോമാഞ്ചവും ആയിരുന്നു.
അതുപോലെ തന്നെ ആയിരുന്നു പോൾ വാൾട്ടും. ഹൈജംബിൽ സംസ്ഥാന തലത്തിൽ സ്വർണ്ണ മെഡൽ ജേതാവായിരുന്നു. രാമചന്ദ്രമാരാർ നിരവധി കായിക താരങ്ങൾക്ക് പ്രചോദനമായിരുന്നു.
കായികധ്യാപകൻ എന്ന നിലയിൽ തികഞ്ഞ അച്ചടക്കവും അർപ്പണ ബോധവും മുഖ മുദ്ര ആക്കിയ വ്യക്തി ആയിരുന്നു മാരാർ മാഷ്. ഒരു ഘട്ടം വരുമ്പോൾ തന്റെ പരിമിതികൾ പോലും ഈ ഗണത്തിൽപെടുന്ന അധ്യാപകർ മറന്നു പോകും.അത് കൊണ്ട് തന്നെ ശാരീരിക അവശതകൾ ക്ഷണിക്കപ്പെടാത്ത അതിഥികൾ ആയി കടന്നു വരും. കുറെ കാലമായി ശരീരിക അവശത മൂലം
കിടപ്പിലായിരുന്നു.
പ്രിയപ്പെട്ട രാമചന്ദ്രമാരാർ മാഷിന്റെ വിയോഗം സ്പോർട്സ് രംഗത്തെ ഒരു അതികായന്റെ വിടവാങ്ങൽ ആണ്. അരോഗ്യ ദൃഢ ഗാത്രന്മ്മാരുടെ ഒരു പുതു തലമുറ ഈ അധ്യാപകന്റെ ഓർമ്മകളിലൂടെയും കർമ്മപാതകളിലൂടെയും
പുത്തൻ ഉണർവ്വും ഊർജ്ജവും ആകും.