
വെള്ളരിക്കുണ്ട്: സമാനതകളില്ലാത്ത സഹോദര്യവും, സമ്പന്നമായ കാർഷിക സമൃദ്ധിയും , വൈവിധ്യമാർന്ന സാംസ്കാരിക ഉള്ളടക്കവും ഒത്തുചേർന്ന പൈതൃകമാണ് പരപ്പ യുടേത്. പുതിയ ലോകത്തിന്റെ മാറ്റത്തിനൊപ്പം മലയാളിയുടെ ജീവിതവും മാറുകയാണ്. ഉല്ലാസഭരിതമായ നിമിഷങ്ങൾ സ്വന്തമാക്കാനും , ആകാശത്തോളം ഉയർന്നു പറക്കുവാനും നമ്മൾ കൊതിക്കുന്നത് സ്വാഭാവികമാണ്. അതിനുള്ള മഹത്തരമായ സന്ദർഭങ്ങൾ ഒരുക്കിക്കൊണ്ട് പരപ്പ സാംസ്കാരിക കൂട്ടായ്മ ഒരുക്കുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ് -2025 മാർച്ച് 29 ന് വൈകുന്നേരം നാലുമണിയോടെ വർണ്ണശബളമായ ഘോഷയാത്രയുടെ അകമ്പടിയോടെ തുടക്കം കുറിക്കും.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും, സംഘാടകസമിതി ചെയർമാനുമായ എം. ലക്ഷ്മിയുടെ അധ്യക്ഷതയിൽ കേരളസംസ്ഥാന രജിസ്ട്രേഷൻ – മ്യൂസിയം – പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പരപ്പ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും . കാസർകോട് പാർലമെന്റ് മണ്ഡലം മെമ്പർ രാജ്മോഹൻ ഉണ്ണിത്താൻ ,ഫിലിം സ്റ്റാർ അനുമോൾ എന്നിവർ മുഖ്യാതിഥികളാകും. സംഘാടക സമിതി ജനറൽ കൺവീനർ ഏ.ആർ രാജു ചടങ്ങിന് സ്വാഗതം പറയും.
ഫെസ്റ്റിന്റെ ലോഗോ രൂപകൽപന ചെയ്ത സ്റ്റെഫി പി എ എന്നവർക്ക് കാഞ്ഞങ്ങാട് എംഎൽഎ ഇ.ചന്ദ്രശേഖരൻ , പൊതുമേഖലാ വ്യാവസായ രംഗത്ത് നിരവധി അവാർഡുകൾ വാങ്ങിയ കെസിസിപിഎൽ മാനേജിംഗ് ഡയറക്ടർ എ. ബാലകൃഷ്ണന് തൃക്കരിപ്പൂർ എംഎൽഎ എം രാജഗോപാലൻ, ഫെസ്റ്റ് പ്രവേശന കവാടം ചെങ്കോട്ട ഡിസൈൻ ചെയ്ത പ്രശസ്ത ആർട്ടിസ്റ്റ് ആനന്ദ് സാരംഗിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ , ഷോർട്ട് ഫിലിം _സിനിമ – മാധ്യമ രംഗത്ത് നിരവധി അവാർഡുകൾ വാങ്ങിയ ചന്ദ്രു വെള്ളരിക്കുണ്ട് എന്നിവർക്ക് അനുമോദനം നൽകും . ബ്ലോക്ക് പരിധിയിലെ ത്രിതല പഞ്ചായത്ത് ഭരണസമിതി ഭാരവാഹികൾ, സാമൂഹ്യ സാംസ്കാരിക പ്രമുഖർ, ആരാധനാലയങ്ങളുടെ പ്രതിനിധികൾ എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംബന്ധിക്കും.
മെഗാ ഫ്ലവർ ഷോ കാർഷിക പ്രദർശനം അമ്യൂസ്മെൻ്റ് പാർക്ക് ശാസ്ത്ര വിദ്യാഭ്യാസ പ്രദർശനം ഫുഡ് കോർട്ട് വിപണന സ്റ്റാളുകൾ ഫ്രൂട്ട് പ്രദർശനം സെൽഫി സ്പോട്ട് പൈതൃക മ്യൂസിയം സർഗ വിരുന്ന് തുടങ്ങി പ്രായഭേദമന്യേ എല്ലാവർക്കും ആസ്വദിക്കാവുന്ന തരത്തിലാണ് പരപ്പ ഫെസ്റ്റ് ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.
ഫെസ്റ്റിനോടനുബന്ധിച്ച് മാർച്ച് 30 മുതൽ വിവിധ വിഷയങ്ങളിൽ വിദഗ്ധർ നയിക്കുന്ന ബോധവൽക്കരണ ക്ലാസുകളും സെമിനാറുകളും നടക്കും. മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ എല്ലാ ദിവസവും വൈകുന്നേരം പ്രാദേശിക കലാകാരന്മാരുടെ സർഗ സന്ധ്യ അരങ്ങേറും. സിനിമാ താരങ്ങളായ ഉണ്ണിരാജ് ചെറുവത്തൂർ അഡ്വ.സി ഷുക്കൂർ സാഹിത്യകാരന്മാരായ സി.എം വിനയചന്ദ്രൻ പി.വി.കെ പനയാൽ നാടക പ്രവർത്തകൻ രവി ഏഴോം തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ അഥിതികളായി സംബന്ധിക്കും. ഫെസ്റ്റിന് മാറ്റ് കൂട്ടാൻ എല്ലാ ദിവസവും രാത്രി 8 മണിക്ക് കേരളത്തിലെ പ്രമുഖ ട്രൂപ്പുകളുടെ വിവിധ സ്റ്റേജ് ഷോകളും അരങ്ങേറും. മാർച്ച് 29ന് നാവോറ് നാട്ടുപാട്ടരങ്ങ്, 30 ന് മെഗാ മ്യൂസിക്കൽ ലൈവ് ഷോ, 31 ന് നാടകം നൂല് കൊണ്ട് മുറിവേറ്റവർ, ഏപ്രിൽ 01 ന് പെരുന്നാൾ നിലാവ് ഇശൽ ഗാനങ്ങൾ, 2 ന് മുൂസിക്കൽ നൈറ്റ്, 3ന് നാട്ടുമൊഴി നാടൻ പാട്ട് മേള, 4 ന് അലോഷി പാടുന്നു, 5ന് ഡി.ജെ വാട്ടർ ഡ്രം നൈറ്റ്, 6 ന് റോക്ക് മ്യൂസിക്കൽ നൈറ്റ്, 7 ന് ഗസൽ സന്ധ്യ, 8 ന് ഫോക്ക് മെഗാ ഷോ നിറപ്പൊലിമ എന്നിവ അരങ്ങേറും. ഫെസ്റ്റിന്റെ ഭാഗമായി പരപ്പ ടൗണിൽ ഒരുക്കിയ സംസാരിക്കുന്ന ചായക്കട ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു.
പത്രസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എം. ലക്ഷ്മി, ജനറൽ കൺവീനർ ഏ.ആർ രാജു, വർക്കിംഗ് ചെയർമാൻ വി ബാലകൃഷ്ണൻ, പ്രചരണ കമ്മറ്റി കൺവീനർ വിനോദ് പന്നിത്തടം, ചെയർമാൻ പാറക്കോൽ രാജൻ, പ്രോഗ്രാം കമ്മറ്റി കൺവീനർ എ.ആർ വിജയകുമാർ എന്നിവർ സംബന്ധിച്ചു