
നീലേശ്വരം: ജനങ്ങളെ വായനയുടെ വിശാല ലോകത്തേക്ക് നയിക്കാൻ റീഡിംഗ് തിയറ്ററുമായി ലൈബ്രറി കൗൺസിൽ. നോവലുകളും ചെറുകഥകളും ലേഖനങ്ങളും അനുഭവ വിവരണങ്ങളുമൊക്കെ ശബ്ദനാടകരൂപത്തിലേക്ക് മാറ്റി വായനയ്ക്ക് പുതുമാനം നൽകാനുള്ള ഒരുക്കത്തിലാണ് ഗ്രന്ഥശാലകൾ.ഇതിൻ്റെ ഭാഗമായി നാടക പ്രവർത്തകർക്കുള്ള ജില്ലാതല ഏകദിന ശില്പശാല ജില്ലാ ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പടിഞ്ഞാറ്റംകൊഴുവൽ പൊതുജന വായനശാലയിൽ സംഘടിപ്പിച്ചു.ഉറൂബിൻ്റെ ‘ഭഗവാൻ്റെ അട്ടഹാസം’, അംബികാസുതൻ മാങ്ങാടിൻ്റെ ‘പ്രാണവായു ‘, ശിവദ കൂക്കളിൻ്റെ ‘ഗന്ധമില്ലാത്ത പൂക്കൾ ‘, ഇ പി രാജഗോപാലൻ്റെ ‘മിന്നാമിനുങ്ങുകളുടെ ചെറിയമ്മ ‘ എന്നീ കൃതികളുടെ റീഡിംഗ് തിയറ്റർ ആവിഷ്കാരവും ശില്പശാലയിൽ നടന്നു.
പ്രശസ്ത നാടക സംവിധായകൻ വി ശശി നീലേശ്വരം ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ അധ്യക്ഷനായി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി വി കെ പനയാൽ മുഖ്യാതിഥിയായിരുന്നു. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ, ജില്ലാ എക്സി.മെമ്പർമാരായ എം പി ശ്രീമണി, പി രാമചന്ദ്രൻ ,രമാ രാമകൃഷ്ണൻ,സുനിൽ പട്ടേന, കെ ലളിത, എം മധുസൂദനൻ എന്നിവർ സംസാരിച്ചു. പരിശീലനം സംസ്ഥാന റിസോഴ്സ് പേഴ്സൺമാരായ ഉദിനൂർ ബാലഗോപാലൻ, പി വി രാജൻ കിനാത്തിൽ, പി പി രാജൻ, പി സത്യനാഥൻ എന്നിവർ നയിച്ചു.