നിലേശ്വരം : ഗൾഫിലെ മാധ്യമ പ്രവർത്തകനും നിലേശ്വരം ആനച്ചാൽ സ്വദേശിയുമായ റാഷിദ് പൂമാടത്തിന്റെ ഭാര്യ പയ്യന്നൂർ കാറമ്മൽ സ്വദേശി ഫാത്തിമത് സഫീദ, മകൻ അബുദാബി സൺ റൈസ് പ്രൈവറ്റ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി അയ്മൻ അഹമ്മദ്, മകൾ മൂന്നാം വയസ്സുകാരി ദനീൻ മെഹക് എന്നിവർക്ക് യു എ ഇ യുടെ പത്ത് വർഷത്തെ ഗോൾഡൻ വിസ ലഭിച്ചു. റാഷിദ് പൂമാടവും നിലവിൽ ഗോൾഡൻ വിസ ഉടമയാണ്. തിരഞ്ഞെടുത്ത വ്യക്തികൾക്കാണ് യു എ ഇ പത്ത് വർഷത്തെ ഗോൾഡൻ വിസ നൽകി ആദരിക്കുന്നത്. ഗോൾഡൻ വിസ ഉടമകൾക്ക് നിരവധി ആനുകൂല്യങ്ങൾ യു എ ഇ യിൽ നിന്നും ലഭിക്കും. ഒരാൾക്ക് ഗോൾഡൻ വിസ ലഭിക്കണമെങ്കിൽ നിരവധി കടമ്പകൾ കടക്കേണ്ടതുണ്ട്. ഗൾഫിൽ അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനായ റാഷിദ് പൂമാടത്തിന് ഏഴോളം സർക്കാർ അവാർഡുകൾ ഉൾപ്പെടെ 25 ഓളം മാധ്യമ അവാർഡുകൾ ലഭിച്ചിട്ടുണ്ട്.സാധാരണയായി ആറു മാസത്തിൽ കൂടുതൽ യുഎഇക്ക് പുറത്ത് താമസിച്ചാൽ റെസിഡൻസ് വിസ ഇല്ലാതാകും എന്നാൽ ഗോൾഡൻ വിസ ഉള്ളവർക്ക് ഈ നിയമം ബാധകമാകില്ല. ഗോൾഡൻ വിസയുള്ള വ്യക്തിക്ക് റെസിഡൻസ് നേടുന്നതിന് സ്പോൺസർ ആവശ്യമില്ല. ജീവിത പങ്കാളി, മക്കൾ എന്നിവരുൾപ്പെടുന്ന കുടുംബാംഗങ്ങളെ ഗോൾഡൻ വിസ ഉള്ള വ്യക്തിക്ക് സ്പോൺസർ ചെയ്യാം. ഗോൾഡൻ വിസ ഉള്ളയാൾ മരണമടഞ്ഞാൽ കുടുംബാംഗങ്ങൾക്ക് വിസ കാലാവധി തീരുന്നതുവരെ യുഎഇയിൽ തുടരാം. ഒന്നിൽ കൂടുതൽ ഡൊമെസ്റ്റിക് ജോലിക്കാരെ സ്പോൺസർ ചെയ്യാനുള്ള ആനുകൂല്യം ലഭിക്കും.