രഹസ്യം പറയാൻ രമേശ് ചെന്നിത്തലക്ക് ദേശാഭിമാനി ഓഫീസ് ആയാലും പ്രശ്നമില്ല കാരണം കേരളത്തിൽ രണ്ടു തട്ടിലാണെങ്കിലും ദേശീയതലത്തിൽ കോൺഗ്രസും സിപിഎം ചങ്കോട് ചങ്കാണല്ലോ, കാസർകോട് പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസിലേക്ക് ക്ഷണിച്ചതനുസരിച്ച് പത്തിലധികം കോൺഗ്രസ് നേതാക്കൾക്കൊപ്പം എത്തിയതായിരുന്നു രമേശ് ചെന്നിത്തല. ഇതിനിടയിൽ രഹസ്യഫോൺ വന്നപ്പോൾ ആൾകൂട്ടത്തിൽ നിന്നും വിട്ടുമാറി സംസാരിക്കാൻ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കയറിയത് ‘ദേശാഭിമാനി’ പത്രത്തിന്റെ കാസർകോട് ബ്യൂറോ ഓഫീസിൽ. ചെന്നിത്തലയ്കൊപ്പം എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, യു.ഡി.എഫ് നേതാക്കളായ കല്ലട്ര മാഹിൻ ഹാജി, കെ. നീലകണ്ഠൻ, പി.കെ. ഫൈസൽ തുടങ്ങിയവർ ഉണ്ടായിരുന്നു.
12മണിക്കായിരുന്നു പ്രസ് മീറ്റ് നിശ്ചയിച്ചത്. എന്നാൽ, കേന്ദ്ര പ്രതിരോധ മന്ത്രിരാജ് നാഥ് സിങ്ങിന്റെ താളിപടുപ്പ് മൈതാനിയിലെ പരിപാടി നിശ്ചയിച്ചതിലും ഏറെ വൈകി. ഈ സമയം പ്രസ് ക്ലബിന്റെ താഴെ ആൾകൂട്ടത്തിനിടയിൽ സംസാരിക്കുകയായിരുന്ന രമേശ് ചെന്നിത്തലക്ക് നിരവധി ഫോണുകൾ വന്നുകൊണ്ടിരുന്നു. ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നിങ്ങനെ ഭാഷകൾ മാറിമാറിയായിരുന്നു സംസാരം. ഫോൺ കോളുടെയും ചുറ്റുമുള്ളവരുടെയും എണ്ണം വർധിച്ചതോടെ സ്വകാര്യത അന്വേഷിച്ച ചെന്നിത്തല കണ്ടത് മുന്നിലെ ‘ദേശാഭിമാനി’ ഓഫിസ്. അതിനകത്ത് പാർട്ട്ടൈം ഫോട്ടോഗ്രാഫർ രാജശേഖരൻ മാത്രമാണുണ്ടായത്.
അകത്ത് കയറിയ ചെന്നിത്തല രാജശേഖരനോട് വാതിലടക്കാൻ ആവശ്യപ്പെട്ടു. ഏറെ നേരം സംസാരിച്ച ശേഷം പുറത്തിറങ്ങിയ ചെന്നിത്തലയോട് ഇരുന്ന സ്ഥലത്തെ കുറിച്ച് ആരാഞ്ഞപ്പോൾ, ‘അതിനെന്താ’ എന്ന ചിരിയായിരുന്നു മറുപടി. പിന്നീട്, മുകളിലെ, പ്രസ് ക്ലബ് ഹാളിലേക്ക് കയറി. തുടർന്ന് ഇടത് പക്ഷത്തിനെതിരെ ആഞ്ഞടിക്കുന്ന മറുപടികളുമായി മീറ്റ് ദി പ്രസ്. മഹാരാഷ്ട്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ് രമേശ് ചെന്നിത്തല. അടുത്ത ദിവസം അദ്ദേഹം പൂന ഫ്ലൈറ്റിൽ മഹാരാഷ്രടയിലേക്ക് പോകും. കോൺഗ്രസ് വിജയിച്ച തെലങ്കാനയുടെ തെരഞ്ഞെടുപ്പ് ചുമതലയും ചെന്നിത്തലക്കായിരുന്നു