പയ്യന്നൂർ: രാമന്തളിപാലക്കോട് അഴിമുഖത്ത് മത്സ്യബന്ധനത്തിന് പോയ ഫൈബർ വള്ളം മണൽത്തിട്ടയിൽ തട്ടി മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പാലക്കോടെ കെ.എ. നാസർ (55) ആണ് മരണപ്പെട്ടത്. രണ്ടു പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.ഇന്ന് രാവിലെ 6.30 മണിക്കാണ് അപകടം.
പുറംകടലിൽ നിന്ന് മത്സ്യം പിടിക്കുന്ന ബോട്ടിൽ നിന്നും മത്സ്യം ഹാർബറിലെത്തിക്കാൻ ചെറിയ ഫൈബർ വള്ളത്തിൽ പാലക്കോട് സ്വദേശികളായ നാസറും അജ്മലും ഒഡീഷ സ്വദേശിയും ചേർന്ന് പോകുമ്പോഴായിരുന്നു പാലക്കോട്അഴിമുഖത്തെ മൺതിട്ടയിൽ ഇടിച്ച് വള്ളം മറിഞ്ഞത്. അപകടത്തിൽപ്പെട്ട നാസറിനെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിക്കുമ്പോഴെക്കും മരണപ്പെട്ടു.
വിദേശത്ത് ജോലി ചെയ്തിരുന്ന നാസർ നാട്ടിൽ തിരിച്ചെത്തിയ ശേഷം മത്സ്യബന്ധന ജോലി ചെയ്തു വരികയായിരുന്നു. പാലക്കോട്ടെ മുഹമ്മദ് -നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: മൻസൂറ. മകൾ: മസ്ന. സഹോദരങ്ങൾ: അബ്ദുള്ള, ബഷീർ, ഇസ്മായിൽ, ഫൗസിയ.