നീലേശ്വരം: നീലേശ്വരം രാജാസിൻ്റെ മുൻ കാല കായിക കുതിപ്പ് തിരിച്ചു പിടിക്കാനും പുതിയ താരങ്ങളെ കണ്ടെത്താനും രാജാസ് ഹയർ സെക്കൻ്ററി സ്കൂൾ പി.ടി.എ ഒരിക്കൽ കൂടി മൈതാനത്തേക്ക്.ഒരു കാലത്ത് സ്കൂൾ കായികമേളയിൽ തല പൊക്കത്തിൽ ഉയർന്ന് നിന്ന പേരായിരുന്നു രാജാസ്. ജില്ല സംസ്ഥാന കായികമേളകളിൽ നിരവധി കായിക താരങ്ങളെ ഊതിക്കാച്ചിയ പൊന്ന് പോലെ തിളങ്ങി നിന്ന പരമ്പര്യം രാജാസ് സ്കൂളിനുണ്ട്. കൂടുതൽ വേഗവും കൂടുതൽ ദൂരവും കൂടുതൽ ഉയരവും താണ്ടി സ്കൂളിൻ്റെ യശസുയർത്തിയവർ നിരവധിയാണ്. കായിക കരുത്തിൽ ജില്ലയിൽ മുടി ചൂടാമന്നൻമാരായിരുന്ന രാജാസ് സ്കൂൾ പഴയ കായിക കുതിപ്പ് തിരിച്ച് പിടിക്കാൻ വീണ്ടും കളത്തിലിറങ്ങുകയാണ് സ്കൂൾ പി.ടി.എ പ്രസിഡൻ്റ് വിനോദ് കുമാറും സംഘവും. 2024 ലെ ഹോസ്ദുർഗ് ഉപജില്ല, റവന്യൂ ജില്ല കായികമേളയിലും പങ്കെടുത്ത് വിജയിച്ച് സംസ്ഥാന കായിക മേളയിൽ സ്കൂളിൻ്റെ പേര് വാനോളം ഉയർത്തുന്നതിനുള്ള ശക്തമായ ഇടപെടലിൻ്റെ ഭാഗമായാണ് സ്കൂൾ കായികമേള ആഗസ്റ്റ് 17 ന് സ്കൂൾ മൈതാനത്ത് നടത്തുന്നത്. രാവിലെ 9.30ന് നീലേശ്വരം പൊലീസ് ഇൻസ്പക്ടർ നിഖിൻ ജോയ് കായിക മേള ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡൻ്റ് വിനോദ് കുമാർ അരമന അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ പി.വിജേഷ്, പ്രധാനധ്യാപിക എം വി രമ, പിടിഎ വൈസ് പ്രസിഡണ്ട് രഘു കെ, മദർ പിടിഎ പ്രസിഡണ്ട് ശുഭ പ്രകാശ് തുടങ്ങിയവർ സംസാരിക്കും.