ഉദുമ: പ്രശസ്ത പൂരക്കളി പണിക്കറും റിയൽ എസ്റ്റേറ്റ് രംഗത്ത് ശ്രദ്ധേയനുമായ കളനാട് തൊട്ടിയിലെ സി രാഘവൻ പണിക്കർ (86)അന്തരിച്ചു. പൂരക്കളിയെ ജീവവായുവായി സ്നേഹിച്ച അദ്ദേഹം ദീർഘകാലം കാടകം ചന്ദനടുക്കം ചീരുമ്പാ ഭഗവതി ക്ഷേത്രത്തിൽ പണിക്കർ ആയിരുന്നു. കാഞ്ഞങ്ങാട് ലക്ഷ്മി നഗർ തെരുവിൽ കഴകം പൂരക്കളി പണിക്കർ ആയിരുന്നു. കുട്ടിക്കാലം മുതൽ ഉദുമ വെള്ളിക്കുന്ന് കിഴക്കേകര ചൂളിയാർ ഭഗവതി ക്ഷേത്രം പൂരക്കളി കലാകാരൻ ആയിരുന്നു. അച്ഛൻ സി രാമൻ പണിക്കർ ഈ ക്ഷേത്രത്തിൽ ദീർഘകാലം പൂരക്കളി പണിക്കർ ആയിരുന്നു.ഏറെ പാണ്ടിത്യമുള്ള പണിക്കർ ആയിരുന്നു അദ്ദേഹം.നെയ്ത്തു രംഗത്ത് പ്രഗത്ഭനായിരുന്ന രാഘവൻ പണിക്കർ ഒരുകാലത്തു അറിയപ്പെടുന്ന കോൺഗ്രസ് പാർട്ടി പ്രവർത്തകനും ഉദുമ മണ്ഡലം കമ്മിറ്റിയിൽ വിവിധ സ്ഥാനം അലങ്കരിച്ച വ്യക്തിയുമായിരുന്നു. പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലും പിന്നീട് കോൺഗ്രസ് പാർട്ടിയിലും കോൺഗ്രസ് എസ്സിലും സജീവമായിരുന്നു. കോളിയടുക്കം പ്രവർത്തിക്കുന്ന ഹോമിയോ ആശുപത്രി അടക്കം വിവിധ സംരംഭം കൊണ്ടുവരാൻ ആദ്യകാലത്ത് പ്രയത്നിച്ച വ്യക്തിയായിരുന്നു.നിലവിൽ പ്രശസ്ത കഴക ക്ഷേത്രം ആയ കീഴൂർ ശ്രീ കളരി അമ്പലം പൂരക്കളി പണിക്കർ ആണ്. നെയ്ത്ത് രംഗത്ത് പഴയ കാലത്ത് ശ്രദ്ധേയനായിരുന്നു. ജീവിത സായാഹ്നത്തിൽ ലോട്ടറി വിറ്റും സമൂഹത്തിൽ നിറഞ്ഞുനിന്നു. റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രാഗല്ഭ്യത്താൽ തന്നെ അദ്ദേഹത്തെ സ്വത്ത് രാഘവൻ എന്നും സ്നേഹപൂർവ്വം വിളിക്കുമായിരുന്നു.
പരേതരായ സി രാമൻ പണിക്കരുടെയും കീഴൂർ മാണിയുടെയും മകൻ ആണ്. ചന്ദ്രഗിരി ഹൈസ്‌കൂൾ നിന്ന് വിരമിച്ച ജീവനക്കാരി ടി വി ലീല ആണ് ഭാര്യ. മക്കൾ സി അരവിന്ദൻ കളനാട് ടൈലർ (കുവൈത്ത് ), സി അനിത രാജൻ, അജിത് സി കളനാട് (ഇൻഷുറൻസ് അഡ്വൈസർ, സ്റ്റേറ്റ് കമ്മിഷണർ ( ആർ) സ്കൗട്ട്സ് & ഗൈഡ്സ് കേരള ), സി അമൃത ഉമേഷ് (ഇൻഷുറൻസ് ഏജന്റ് ), പരേതനായ സി അശോകൻ ടൈലർ. മരുമക്കൾ: രാജൻ കെ കളനാട് ( ലേ സെക്രട്ടറി ആൻഡ് ട്രഷറർ ജില്ലാ ആശുപത്രി കാഞ്ഞങ്ങാട് ), ഉമേഷ് നീലേശ്വരം (അക്കൗണ്ടന്റ് അബുദാബി ),ജിഷ അശോകൻ വെള്ളൂർ, സുമ അരവിന്ദൻ, ജിജി സുധാകരൻ (ഹെഡ് ക്ലർക്ക് പൊതുമരാമത്ത് വകുപ്പ് കാസർകോട്).
സഹോദരങ്ങൾ പരേതരായ കൃഷ്ണൻ പണിക്കർ വെള്ളിക്കുന്ന്, കോരൻ കാരണവർ കീഴൂർ, പാട്ടി കാടകം, കുമ്പ തൊട്ടിയിൽ, ചിരുത, മാധവി നാരായണൻ.