സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ വലയുകയാണ് പൊലീസുകാര്‍. കുടിശ്ശിക തീർക്കാതെ പൊലീസ് വാഹനങ്ങൾക്ക് ഇന്ധനം നൽകില്ലെന്ന് സ്വകാര്യ പമ്പുടമകള്‍ നിലപാടെടുത്തതോടെയാണ് പൊലീസുകാര്‍ ദുരിതത്തിലായത്.
ഇന്ധനമടിച്ച വകയിൽ സ്വകാര്യ പമ്പുകള്‍ക്ക് മാർച്ച് പത്തുവരെ 28 കോടി രൂപയാണ് കുടിശികയിനത്തില്‍ കൊടുത്തു തീർക്കാനുള്ളത്. ഏപ്രിൽ ഒന്നുമുതൽ പൊലീസ് വാഹനങ്ങള്‍ ഉള്‍പ്പെടെ ഒരു സർക്കാർ വാഹനങ്ങള്‍ക്കും ഇന്ധനം കടം നൽകില്ലെന്ന് പെട്രോള്‍ പമ്പുടമകള്‍ അറിയിച്ചു. തിരുവനന്തപുരത്ത് പൊലീസ് വാഹനങ്ങള്‍ ഇന്ധനം നിറയ്ക്കുന്നത് എസ്എപി ക്യാമ്പിലെ പൊലീസ് പമ്പിൽ നിന്നാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമുണ്ട് കുടിശ്ശിക. പണം നൽകിയാലേ അടുത്ത ലോഡുള്ളുവെന്ന് ഐഒസിയും അറിയിച്ചു.
പ്രചരണത്തിനായി പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കേരളത്തിൽ എത്തും. മുഖ്യമന്ത്രിയും മന്ത്രിമാരും പല മണ്ഡലങ്ങളിലും പ്രചാരണ പരിപാടിയിലാണ്. തിരഞ്ഞെടുപ്പ് സമയത്ത് സുരക്ഷാ ഒരുക്കാനും മറ്റും ഓടേണ്ട സമയത്താണ് ഈ പ്രതിസന്ധി.
കഴിഞ്ഞ സാമ്പത്തിക വർഷാവസാനവും പൊലീസ് വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാനാകാതെ പ്രതിസന്ധി നേരിട്ടിരുന്നു. സ്വന്തം കയ്യിൽ നിന്നായിരുന്നു അന്ന് സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥർ ഇന്ധനമടിച്ചിരുന്നത്.