
പയ്യന്നൂർ:വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷ നുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ പാഴ്സൽ സർവ്വീസ് നിർത്തലാക്കിയ റെയിൽവെയുടെ നടപടിക്കെതിരെ പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്സ് പ്രതിഷേധിച്ചു. 40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശനാണ്യം നേടിത്തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ പ്രതി സന്ധി നേരിടും. വ്യാപാര വ്യവസായ രംഗത്തും രൂക്ഷമായ പ്രത്യാഘാതം സൃഷ്ടിക്കും. കൂടാതെ സ്റ്റേഷനിലെ നാല് അംഗീകൃത പോർട്ടർമാരുടെ ജോലി പ്രതിസന്ധിയിലാകുമെന്നും ചേമ്പർ ഓഫ് കൊമേഴ്സ് വിലയിരുത്തി. ഒരു വർഷം മുമ്പ് പാഴ്‌സൽ സർവ്വീസ് നിർത്തിവെച്ചപ്പോൾ ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് നിർത്തിവെക്കുകയുണ്ടായ ആ ഉത്തരവാണ് ഇപ്പോൾ വീണ്ടും പുനഃസ്ഥാപിച്ചത്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സിആർപിഎഫ് പരിശീലന കേന്ദ്രം, കണ്ണൂർ ഗവ മെഡിക്കൽ കോളേജ്, കണ്ണൂർ ഗവ ആയുർവ്വേദ കോളേജ്, മൂന്നോളം എഞ്ചിനീയറിംഗ് കോളേജ് മറ്റ് പതിനഞ്ചോളം വരുന്ന സ്വകാര്യസ്ഥാപനങ്ങൾ എന്നിവ ആശ്രയിക്കുന്ന ഏക സ്റ്റേഷനാണ് പയ്യന്നൂർ റെയിൽവെസ്റ്റേഷൻ എന്നിരിക്കെ യാണ് അധികൃതരുടെ ഭാഗത്തുനിന്നും ഈ നടപടിയുണ്ടായിരിക്കുന്നത്. പാഴ്സൽ സർവ്വീസ് നിർത്തലാക്കിയ ഉത്തരവ് എത്രയും പെട്ടെന്ന് തന്നെ പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പയ്യന്നൂർ ചേമ്പർ ഓഫ് കൊമേഴ്‌സ് പ്രസിഡൻ്റ് കെ.യു.വിജയകുമാർ കേന്ദ്ര റെയിൽവെ വകുപ്പു മന്ത്രി, ഡിആർഎം, എം പി എന്നിവർക്ക് നിവേദനമയച്ചു.