
നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ആറാമത് നേപ്പാൾ കൾച്ചറൽ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും മികച്ച ഫീച്ചർ ഫിലിമിനുള്ള ഇന്റർനാഷണൽ അവാർഡ് ‘പൂവ് ‘ എന്ന മലയാള സിനിമയ്ക്ക് ലഭിച്ചു. ഇതിലെ പ്രധാന കഥാപാത്രം ചെയ്ത മഞ്ജുളൻ ആണ് ഏറ്റവും മികച്ച നടനുള്ള അന്താരാഷ്ട്ര അവാർഡ് നേടിയത്. വിവിധ രാജ്യങ്ങളിൽ നിന്ന് പങ്കെടുത്ത 98 ചിത്രങ്ങളിൽ നിന്ന് തെരഞ്ഞെടുത്താണ് ജൂറി അവാർഡ് നിർണയിച്ചത്. ഇ സന്തോഷ് കുമാർ നിർമ്മിച്ച് ജോൺസൺ വി ദേവസി തിരക്കഥ എഴുതി അനീഷ് ബാബു അബ്ബാസ്, ബിനോയ് ജോർജ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്. ജീവിതത്തിന്റെ നാല് ഘട്ടങ്ങളിൽ സ്വാധീനം ചെലുത്തുകയും രൂപപ്പെടുത്തുകയും ചെയ്യുന്ന ഒരു പുരുഷന്റെ അനന്തമായ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കാഠ്മണ്ഡുവിലെ നാഷണൽ ഫിലിം ഡെവലപ്മെന്റ് ബോർഡ് തിയേറ്ററിൽ നടന്ന ചടങ്ങിൽ വെച്ച് നേപ്പാൾ കമ്മ്യൂണിക്കേഷൻ & ഇൻഫോർമേഷൻ ടെക്നോളജി മന്ത്രി പൃഥ്വി സുബ്ബ ഗുരുങിൽ നിന്ന് സംവിധായകൻ അനീഷ് ബാബു അബ്ബാസും നടൻ മഞ്ജുളനും അവാർഡുകൾ ഏറ്റുവാങ്ങി.