
കാഞ്ഞങ്ങാട് :സ്കൂൾ, കോളേജ് വിദ്യാർത്ഥികളെ വഴി തെറ്റിക്കുകയും രക്ഷിതാക്കളെ ആശങ്കയിൽ അകപ്പെടുത്തുകയും ചെയ്യുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ പൊലീസും എക്സൈസും കർശനമായ നടപടികൾ എടുക്കണമെന്നും മയക്കുമരുന്ന് മാഫിയ സംഘങ്ങളെ തഴച്ചുവളരാൻ സഹായിക്കുന്ന ഉന്നതരെ പൂട്ടാൻ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും എൻ.സി.പി.എസ് ജില്ലാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. മയക്കുമരുന്നിന് അടിമകളായി തീരുന്ന യുവാക്കളും വിദ്യാർത്ഥികളും കൊലയാളികളായി മാറുന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. കഞ്ചാവും എം ഡി എം എയുമായി പിടിയിലാകുന്നവരെ പുറത്തിറക്കാൻ ‘ഉന്നതർ’ പൊലീസിൽ സ്വാധീനം ചെലുത്തുന്ന സംഭവങ്ങളുണ്ടാകുന്നു. ഇത്തരക്കാർ രക്ഷപ്പെടുകയും കഞ്ചാവ് കാരിയർമാർ പിടിയിലാവുകയും ചെയ്യുകയാണ്. കഴിഞ്ഞ ദിവസം കാസർകോട് പൊലീസ് പിടികൂടിയവരെ രക്ഷിക്കാൻ പല ഉന്നതരും പൊലീസിനെ വിളിക്കുകയുണ്ടായി. സഹായിക്കുന്ന ഉന്നതരെ ജയിലിലാക്കിയാൽ മയക്കുമരുന്ന് ലോബിയെ തളർത്താൻ കഴിയുമെന്നും യോഗം ചൂണ്ടികാണിച്ചു. വിദ്യാർത്ഥികളിലും യുവാക്കളിലും വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് വ്യാപനത്തിനെതിരെ ബോധവൽക്കരണം നടത്തുമെന്നും യോഗം വ്യക്തമാക്കി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് കരീം ചന്തേര അദ്ധ്യക്ഷത വഹിച്ചു. സി.ബാലൻ, ബെന്നി നാഗമറ്റം, ഉദിനൂർ സുകുമാരൻ, ഒ.കെ ബാലകൃഷ്ണൻ, ഹമീദ് ചേരങ്കൈ, സീനത്ത് സതീശൻ, ലിജോ സെബാസ്റ്റിയൻ, രാഹുൽ നിലാങ്കര, നാസർ പള്ളം, മോഹനൻ ചുണ്ണംകുളം, ഖദീജ മൊഗ്രാൽ, രമ്യ രാജേഷ് തുടങ്ങിയവർ പ്രസംഗിച്ചു