
നീലേശ്വരം:സുഹൃത്തിന് ഓടിക്കാൻ കൊടുക്കുകയും പിന്നീട് മറിച്ചു വിൽക്കുകയും ചെയ്ത കാർ പോലീസ് നടത്തിയ സമർത്ഥമായ അന്വേഷണത്തിലൂടെ കണ്ടെടുത്തു.മടിക്കൈ കക്കാട്ട് നിഖിലിന്റെ കെ എൽ 60 എഫ് 0 8 5 5 നമ്പർഷിഫ്റ്റ് കാറാണ് തിരുവനന്തപുരം പൂന്തുറ പോലീസ് സ്റ്റേഷൻ പരിധിയിലെ ബീമാപള്ളിക്ക് സമീപത്ത് വച്ച് നീലേശ്വരം എസ് ഐ കെ വി രതീഷിൻ്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ജൂണിലാണ് നിഖിൽ സുഹൃത്തായ കരുവാച്ചേരിയിലെ അജ്മലിന് കാർ ഓടിക്കാൻ കൊടുത്തത്. അജ്മൽ കർണാടക സുള്ള്യയിലെ അഷറഫിന് കൈമാറുകയായിരുന്നു. അഷറഫ് കാർ തിരുവനന്തപുരം സ്വദേശി അൽഫാദിന് മറിച്ചു വിറ്റു.ഓടിക്കാൻ കൊടുത്ത കാർ തിരിച്ചു കിട്ടാത്തതിനെ തുടർന്ന് നിഖിൽ നീലേശ്വരം പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത് എസ് ഐ രതീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.അന്വേഷണസംഘം സൈബർ സെല്ലിൻ്റെ സഹായം തേടിയപ്പോൾ കൊച്ചുവേളിയിൽ വച്ച് ഈ കാറിന്റെ പൊലൂഷൻടെസ്റ്റ് നടത്തിയതായി കണ്ടെത്തി. അന്വേഷണസംഘം കൊച്ചുവേളിയിലെ പൊലൂഷൻ ടെസ്റ്റ് നടത്തിയ സ്ഥാപനത്തിലെത്തി അൽഫാദിന്റെ മേൽവിലാസം ശേഖരിച്ചാണ് കാർ കസ്റ്റഡിയിൽ എടുത്തത്.എസ് ഐ രതീഷിനോടൊപ്പം സിവിൽ പോലീസ് ഓഫീസർ യു വി മധുസൂദനനും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.