പെരിയ: പെരിയയിൽ കൊലചെയ്യപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷ്, ശരത് ലാൽ എന്നിവർക്കെതിരെയും കേസിലെ പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.മണികണ്ഠനും, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണനും എതിരെയും നവമാധ്യമങ്ങളിൽ അശ്ലീലകരവും അസഭ്യവുമായ പോസ്റ്റിട്ടതിന് ബേക്കൽ പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു. മരണപ്പെട്ട ശരത് ലാലിനും കൃപേഷനും എതിരെ അപകീർത്തികരവും മാനഹാനി ഉണ്ടാക്കുന്നതുമായ തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാൽ, സിപിഎം പ്രവർത്തകൻ അഖിൽ പുലിക്കോടൻ എന്നിവർക്കെതിരെ ശരത് ലാലിൻറെ പിതാവ് സത്യനാരായണന്റെ പരാതിയിലാണ് ബേക്കൽ പോലീസ് ഒരു കേസ് ചാർജ് ചെയ്തത്. കേസിലെ പ്രതിയായ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്ഠന്റെ ഫേസ്ബുക്ക് പോസ്റ്റിനു താഴെ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ കമൻറ് ഇട്ടതിനെതിരെ അങ്ങേയറ്റം അശ്ലീലകരമായ പോസ്റ്റിട്ടതിന് റിയാസ് മലബാറി, ഹാഷിം ഇളംബായാൽ, ജോസഫ് ജോസഫ് എന്നീ ഫേസ്ബുക്ക് അക്കൗണ്ട് ഉടമകൾക്കെതിരെയുമാണ് ബേക്കൽ പോലീസ് കേസെടുത്തത്.