
നീലേശ്വരം: ഇനി മൺചട്ടികൾ പാചകത്തിനുള്ള വെറും മൺപാത്രങ്ങളല്ല. വീട്ടിൽ അലങ്കാരമായും, വിഷുവിന് കണിയൊരുക്കാനും ജീവൻ തുടിക്കുന്നതും, കണ്ണിനുകുളിർമ നൽകുന്നതുമായ വർണ്ണചിത്രങ്ങളാൽ അലങ്കൃതമായ 60 ൽ പരം അലങ്കാര ചട്ടികൾ റെഡി. കൂടാതെ മ്യൂറൽ ചിത്രങ്ങളും. പത്തൊൻപതാം നൂറ്റാണ്ടിലെ പ്രശസ്ത ഫ്രഞ്ച് ചിത്രകാരിയായ എഡ്ഗർ ഡെഗാസ് ഒരിക്കൽ പറഞ്ഞു, “കല നിങ്ങൾ കാണുന്നതല്ല, മറിച്ച് നിങ്ങൾ മറ്റുള്ളവരെ കാണാൻ പ്രേരിപ്പിക്കുന്നതാണ്.” പല രൂപങ്ങളിലും, കല ആവിഷ്കാരത്തിനുള്ള ശക്തമായ ഒരു മാർഗമാണ്. അതിന് തടസ്സങ്ങൾ തകർക്കാനും, മുൻധാരണകളെ മാറ്റാനും, വലിയ മാറ്റങ്ങൾ കൊണ്ടുവരാനും കഴിയും. ഈ തിരിച്ചറിവുമായി തങ്ങളുടെ സർഗസൃഷ്ടികളുടെ പ്രദർശനമൊരുക്കുകയാണ് നീലേശ്വരത്തെ 12 വീട്ടമ്മമാർ. കഴിവുകൾ പ്രകടിപ്പിക്കാൻ മറന്നു പോയ ബാല്യ കൗമാരങ്ങളെ തിരിച്ചുപിടിക്കുകയാണ് റിട്ടയേഡ് ജീവിതത്തിൽ ഈ ചിത്രകാരികൾ. നീലേശ്വരത്ത് നാല് വർഷത്തോളമായി സൂര്യ ചിത്രകലാ വിദ്യാലയം നടത്തുന്ന സതി നീലേശ്വരത്തിൻ്റെ ശിഷ്യകളാണ് ഏപ്രിൽ 7മുതൽ 9 വരെ നീലേശ്വരം ബസാറിൽ വ്യത്യസ്തമായ പ്രദർശനമൊരുക്കുന്നത്. മ്യൂറൽ പെയിൻ്റിംങ്, കണിചട്ടിയിൽ അക്രലിക്കിൽ ചെയ്ത പെയ്ൻ്റിംഗുകൾ ഉൾപ്പെടെയുള്ളവയുടെ പ്രദർശനവും വിൽപ്പനയുമാണ് മൂന്ന് ദിവസങ്ങളിലായി ഒരുക്കിയിരിക്കുന്നത്. സ്ത്രീയെന്ന യാഥാര്‍ത്ഥ്യത്തെ പരിമിതപ്പെടുത്തുന്ന എല്ലാ സാമൂഹ്യ ബോധ രൂപീകരണത്തിനും എതിരായുള്ള ചിത്ര-ശില്‍പകല അന്വേഷണങ്ങളാണ് ഇവരുടെ സൃഷ്ടികൾ. 65 വയസുവരെയുള്ള 12 പേരിൽ ഭൂരിഭാഗവും റിട്ടയേഡ് ജീവിതം നയിക്കുന്നവരാണ്. വരെ ചെറിയ കാലത്തെ പരിശീലനം കൊണ്ടു തന്നെ ഇവർ കൈയ്യടക്കം വന്ന ചിത്രകാരികളായി മാറിയെന്ന് വരകൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു. കലാസൃഷ്ടിക്ക് ആഴവും ആകർഷണീയതയും കൊണ്ടുവരാൻ ബ്ലെൻഡിംഗ്, മിക്സിംഗ്, ലെയറിംഗ് രീതികൾ ഉപയോഗിച്ചാണ് വരച്ചിരിക്കുന്നത്. ചിത്രകലാ ചരിത്രത്തിൽ ചിത്രകാരികളെ തമസ്‌കരിച്ചിരുന്ന ഭൂതകാലത്തു നിന്ന് തന്റെ സർഗാത്മക ജീവിതത്തിന്റെ പ്രകാശനത്തിന് കടുത്ത വെല്ലുവിളികളാണ് ചിത്രകാരി നേരിടേണ്ടിവന്നത്. സ്ത്രീ ഒരു വര വരച്ചാൽപ്പോലും അതിൽ രാഷ്ട്രീയമുണ്ടെന്ന പുതിയ തിരിച്ചറിവാണ് ഇന്ന് ചിത്രകാരികളുടെ ഊർജം. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന പ്രദർശനം എം രാജ ഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്യും.