ഉദിനൂർ: മഴ തുടങ്ങിയതു മുതൽ വെള്ളക്കെട്ടിനാൽ ദുരിതമനുഭവിക്കുന്ന ഉദിനൂർ പരത്തിച്ചാൽ പ്രദേശത്തെ വെള്ളക്കെട്ടിൽ നിന്ന് മോചിപ്പിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് മൗലാനാ അബുൾ കലാം ആസാദ് കലാ – കായിക വേദി ചെയർമാൻ എ.ജി.കമറുദ്ദീൻ രാജ്മോഹൻ ഉണ്ണിത്താൻ എം പി ക്ക് നിവേദനം നൽകി.
പടന്ന പഞ്ചായത്തിൻ്റെയും തൃക്കരിപ്പൂർ പഞ്ചായത്തിൻ്റെയും അതിരായ ഉദിനൂർ പരത്തിച്ചാലിൽ ആഴ്ചകളായി സ്കൂൾ – മദ്രസ വിദ്യാർത്ഥികൾ ഉൾപ്പെടെ നാട്ടുകാർ വെള്ളക്കെട്ട് മൂലം ദുരിതത്തിലാണ്. പരത്തിച്ചാൽ അവാഷ് മസ്ജിദ് മുതൽ സൗത്ത് ഇസ്ലാമിയ സ്കൂൾ വരെയുള്ള ഭാഗങ്ങളിൽ ആവശ്യമായ ഓവുചാൽ നിർമിച്ച് പരിഹാരം കാണാൻ എംപി ഇടപെട്ട് പ്രദേശിക ഭരണകൂടങ്ങൾ വഴി പരിഹാരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടാണ് എം പി ക്ക് നിവേദനം നൽകിയത്.