പടന്നക്കടപ്പുറം : ലാളിത്യത്തിൻ്റെ ആൾ രൂപമാണ് ഐ വി ദാസെന്ന് ദേശീയ അധ്യാപക അവാർഡ് ജേതാവും പരിസ്ഥിതി പ്രവർത്തകനുമായ കൊടക്കാട് നാരായണൻ പറഞ്ഞു. പടന്നക്കടപ്പുറം ഇ.കെ. നായനാർ സ്മാരക വായന ശാല ആൻ്റ് ഗ്രന്ഥാലയത്തിൽ ഐ.വി. ദാസ് അനുസ്മരണം നടത്തുകയായിരുന്നു അദ്ദേഹം. വ്യക്തി ജീവിതത്തിലെ സൗമ്യ ഭാവവും തുറന്ന പെരുമാറ്റവും കൊണ്ടാണ് അദ്ദേഹം ജനഹൃദയത്തിൽ മായാത്ത ഓർമ്മയായി നിൽക്കുന്നത്. ഗ്രന്ഥശാല പ്രസ്ഥാനം, പത്രപ്രവർത്തനം, രാഷ്ട്രീയം , പുരോഗമന സാഹിത്യ സംഘം തുടങ്ങി ഇടപെട്ട മേഖലകളിലെല്ലാം ദാസൻ മാഷിൻ്റെ കൈയൊപ്പ് കാണാം. നീണ്ട യാത്രയ്ക്കിടയിൽ ഒരു വായന ശാല കണ്ടാൽ ദാസൻ മാഷ് അങ്ങോട്ട് കയറാതെ മടങ്ങില്ല. പ്രവർത്തകരെ അന്വേഷിക്കും. തോളിൽ തട്ടി പ്രോത്സാഹിപ്പിക്കും. അൽപ നേരം കൊണ്ട് അവരുടെ പ്രിയപ്പെട്ടവനായി മാറും. വേഷത്തിലും ഭാവത്തിലുമുള്ള ശുഭ്രതയാണ് ഐവി ദാസിലെ പൊതു പ്രവർത്തകനെ അനന്യനാക്കുന്നത്. കൊടക്കാട് നാരായണൻ പറഞ്ഞു.
ഗ്രന്ഥാലയം പ്രസിഡൻ്റ് കെ.പി.പി. രാജേഷ് അധ്യക്ഷനായി. വിവിധ മത്സരങ്ങളിൽ വിജയിച്ച അനുശ്രീ.കെ, പാർവണ .വി,ദിയ സി, ആദി ലക്ഷ്മി, അനാമിക.കെ. മിസ്ബ ഫാത്തിമ, അൻഷിക എം, സായൂജ് പി.കെ എന്നിവർക്ക് ഉപഹാരം നൽകി. സെക്രട്ടറി കെ.വി.സുമേഷ് സ്വാഗതവും ലൈബ്രേറിയൻ കെ. ശ്രദ്ധ നന്ദിയും പറഞ്ഞു.