കാഞ്ഞങ്ങാട്: പെരിയ ഇരട്ട കൊലക്കേസിൽ പ്രതിഭാഗത്തിന് വേണ്ടി അഞ്ച് സാക്ഷികളെ കൊച്ചി സിബിഐ കോടതി ഈ മാസം 30 ന് വിസ്തരിക്കും.കേസിലെ സി പി എം പ്രവർത്തകരും നേതാക്കളുമായ 24 പ്രതികൾക്കെതിരെ 154 ഓളം സാക്ഷികൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളെ കോടതി ചോദ്യം ചെയ്തിരുന്നു.154 സാക്ഷികളുടെ 1800 ഓളം മൊഴികളുടെ കോപ്പികളാണ് പ്രതികൾക്ക് നൽകിയിട്ടുള്ളത്.പ്രതി ഭാഗത്തിന് സാക്ഷിമൊഴികളോ, തെളിവുകളോ ഉണ്ടെങ്കിൽ ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. പ്രതി ഭാഗത്തിന് വേണ്ടി ഹാജരായ സി കെ ശ്രീധരൻ, നിക്കോളാസ് തുടങ്ങിയ എട്ട് അഭിഭാഷകർ ആവശ്യപ്പെട്ടതിനെ തുടർന്ന് പ്രതിഭാഗത്ത് നിന്ന് അഞ്ച് സാക്ഷികളെ 30 ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടു. 2019 ഫെബ്രുവരി 17 ന് രാത്രി ബൈക്കിൽ സഞ്ചരിക്കുമ്പോൾ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കല്യാട്ടെ ശരത് ലാൽ, കൃപേഷ് എന്നിവരെ വാഹനങ്ങളിൽ പിന്തുടർന്നെത്തിയ സി പി എം പ്രവർത്തകർ വെട്ടി കൊന്നുവെന്ന കേസിലാണ് പ്രതിഭാഗത്തിന് വേണ്ടി സാക്ഷികളെ ഹാജരാക്കുന്നത്. ഒന്നാം പ്രതി പീതാംബരനടക്കം 14 പേരെ പ്രതി ചേർത്തു. II പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പിന്നീട് കേസ ന്വേഷണം സുപ്രീം കോടതി നിർദ്ദേശപ്രകാരം സി ബി ഐ തിരുവനന്തപുരം യൂനിറ്റ് ഏറ്റെടുക്കുകയും 10 പേരെ കൂടി പ്രതിചേർക്കുകയും 5 പ്രതികളെ അറസ്റ്റ ചെയ്യുകയും ചെയ്തിരുന്നു. സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗവും മുൻ എംഎൽഎയുമായ കെ വി കുഞ്ഞിരാമൻ കേസിലെ ഇരുപതാം പ്രതിയാണ്. ഇദ്ദേഹമടക്കം അഞ്ച് പേർ ജാമ്യത്തിലിറങ്ങി.കേസിൽ 11 പ്രതികൾ വിയ്യൂർ സെൻട്രൽ ജയിലിലും സിബിഐ അറസ്റ്റ് ചെയ്ത അഞ്ച് പ്രതികൾ കാക്കനാട് ജയിലിലുമാണ്. ആദ്യം അറസ്റ്റ ചെയ്തII പ്രതികൾ അഞ്ചര വർഷത്തിലേറെയായി ജാമ്യമില്ലാതെ ജൂഡിഷ്യൽ കസ്റ്റഡിയിലാണ്. 2023 ഫെബ്രുവരിയിൽ വിചാരണ ആരംഭിച്ച കേസിൽ ഈ വർഷം ഫെബ്രുവരി വരെ വിചാരണ നടത്തി.ഈ മാസം 30 ന് പ്രതിഭാഗം സാക്ഷി വിസ്താരം പൂർത്തിയാകുന്നതോടെ വാദപ്രതിവാദങ്ങൾ ആരംഭിക്കും. ഒക്ടോബർ അവസാനവാരത്തിലോ ന വമ്പറിലോ കേസിൽ വിധി പ്രസ്താവിക്കും. പ്രോസിക്യൂഷന് വേണ്ടി ബോബി ജോസഫ്, കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകൻ കെ.പത്മനാഭൻ എന്നിവരാണ് സിബിഐ കോടതിയിൽ ഹാജരായത്.