കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച ഉത്തരമേഖല അമേച്വർ നാടക മത്സരത്തിൽ സംഗമം കലാഭവൻ പെരിയാട്ട്, വിളയാങ്കോട് അവതരിപ്പിച്ച പെരടിയിലെ രാപ്പകലുകൾ, മാഹി നാടകപ്പുര അവതരിപ്പിച്ച ഒരു പാലസ്തീൻ കോമാളി എന്നീ നാടകങ്ങൾ സംസ്ഥാന അമേച്വർ നാടക മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള യോഗ്യത നേടി.
തൃക്കരിപ്പൂർ നടക്കാവ് നെരൂദ തിയേറ്റേഴ്സിന്റെ സംഘാടനത്തിൽ 2025 ജനുവരി 17 മുതൽ 22 വരെയാണ് ഉത്തരമേഖല അമേച്വർ നാടക മത്സരം അരങ്ങേറിയത്. ആറ് ദിവസങ്ങളിലായി ആറ് വ്യത്യസ്ത നാടകങ്ങൾ അക്കാദമി ജനങ്ങളിലേക്ക് എത്തിച്ചു. നാടകം കാണുന്നതിന് വേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നിരവധി നാടക പ്രവർത്തകർ ഉൾപ്പെടെയുള്ള വൻ ജനാവലി നടക്കാവിലെ തുറന്ന അരങ്ങിൽ എത്തി.പ്രദീപ് മണ്ടൂർ രചനയും പ്രേമൻ മുചുകുന്ന് സംവിധാനവും നിർവഹിച്ച നാടകമാണ് പെരടിയിലെ രാപ്പകലുകൾ. ഗിരീഷ് ഗ്രാമികയുടെ രചനയിലും സംവിധാനത്തിലുമാണ് ഒരു പാലസ്തീൻ കോമാളി അരങ്ങിലെത്തിയത്.
വിഖ്യാത നാടക സംവിധായകനും ദീപ സംവിധായകനുമായ ഗോപിനാഥ് കോഴിക്കോട് സുപ്രസിദ്ധ നാടക – സിനിമ അഭിനേതാക്കളായ ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ ഉൾപ്പെടുന്ന ജൂറിയാണ് വിധി നിർണയം നടത്തിയത്. ദക്ഷിണ മേഖല അമേച്ചർ നാടക മത്സരം ജനുവരി 28 മുതൽ ഫെബ്രുവരി 2 വരെ കൊല്ലം പ്രകാശ് കലാകേന്ദ്രത്തിലും മധ്യമേഖല അമേച്ചർ നാടക മത്സരം ഫെബ്രുവരി 5 മുതൽ 11 വരെ എറണാകുളം ജില്ലയിലെ കേരള ഫൈൻ ആർട്സ് സൊസൈറ്റി ഹാളിലും അരങ്ങേറും.
മൂന്ന് മേഖലകളിൽ നിന്നും തെരെഞ്ഞെടുക്കുന്ന ആറ് നാടകങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന അമേച്വർ നാടക മത്സരം ഫെബ്രുവരി 16 മുതൽ 21 വരെ തൃശൂരിൽ അക്കാദമി ക്യാമ്പസിൽ സംഘടിപ്പിക്കുമെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി അറിയിച്ചു.