കർണ്ണാടക സംഗീതജ്ഞൻ കല്യാശ്ശേരി കൃഷ്ണൻ നമ്പ്യാർ ഭാഗവതരുടെ സ്മരണക്കായി ശിഷ്യർ ഒരുക്കിയ പഞ്ചരത്ന കീർത്തനാലാപനവും സംഗീത കച്ചേരിയും നാവ്യാനുഭവമായി. കൃഷ്ണൻ നമ്പ്യാരുടെ നീലേശ്വരത്തെ ശിഷ്യർ രൂപീകരിച്ച സംഗീതസഭ കൃഷ്ണം- 24ന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പടിഞ്ഞാറ്റം കൊഴുവൽ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനത്തോടെയാണ് സംഗീത പരിപാടികളുടെ തുടക്കമായത്. ഷാജികുമാർ, നരേന്ദ്രൻ കരിങ്ങാട്ട്, കുമാരൻ കുമ്പളപ്പള്ളി , രാജൻ കയ്യൂർ , പ്രവീൺ കുമാർ, നിരജ്ഞിനി ജയരാജ്, ചിത്രകലചന്ദ്രൻ, രാജേശ്വരി അശോക്, രമണി ബാലകൃഷ്ണൻ എന്നിവർ ആലാപനം നടത്തിയപ്പോൾ രാജീവ് ഗോപാൽ ( മൃദംഗം) റിജേഷ് ( വയലിൻ) എന്നിവർ പശ്ചാത്തല സംഗീതമൊരുക്കി. തുടർന്ന് ഡോ. വി.ആർ. ദിലീപ് കുമാർ നയിച്ച സംഗീത കച്ചേരിയും നടന്നു. വാർഷികാഘോഷത്തിൻ്റെ ഉൽഘാടനം കണ്ണൂർ സർവ്വകലാശാല മുൻ പരീക്ഷാ കൺട്രോളർ പ്രൊഫ കെ.പി. ജയരാജനും സി.രമ ടീച്ചറും നിലവിളക്ക് കൊളുത്തി നിർവഹിച്ചു.