അധ്യാപികയെ ആവശ്യമുണ്ട് എന്ന പത്ര പരസ്യം കണ്ട് ഇരുപത്തിയൊന്നാം വയസ്സിൽ തലശേരിയിൽനിന്നും പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രീ പ്രൈമറി അധ്യാപികയായി എത്തിയ പി. പ്രസന്ന ടീച്ചർ ക്‌ളാസിൽ ജോലി 39 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിച്ചു. 58 വയസ് വരെയാണ് അംബിക ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വിരമിക്കൽ പ്രായമെങ്കിലും പ്രസന്ന ടീച്ചർക്ക് രണ്ടു വർഷം നീട്ടികൊടുത്തിരുന്നു. കഴിഞ്ഞ ദിവസം വിരമിച്ച ടീച്ചർക്ക് സ്കൂളിൽ ഒരുക്കിയ യാത്രയയപ്പ് അക്ഷരാർഥത്തിൽ വികാരനിർഭരമായി. തലശേരി പാനൂരിൽ ആയിരുന്നു വെങ്കിലും ടീച്ചർ ജീവിതത്തിന്റെ നല്ലൊരു ഭാഗം ചെലവഴിച്ചത് പാലക്കുന്നിലെ വാടക വീട്ടിലായിരുന്നു.
യാത്രയയപ്പിൽ പങ്കെടുക്കാൻ തലശേരിയിൽ നിന്ന് ബന്ധുക്കളും എത്തിയിരുന്നു. ടീച്ചർക്ക് പാലക്കുന്ന് വിദ്യാഭ്യാസ സമിതിയും സ്കൂൾ സ്റ്റാഫും ചേർന്ന് യാത്രയയപ്പ് നൽകി.പ്രസന്ന ടീച്ചർക്ക് ആയിരക്കണക്കിന് ശിഷ്യ സമ്പത്താണ് പാലക്കുന്നിലും പരിസരപ്രദേശങ്ങളിലും ഉള്ളത്.
വിദ്യാഭ്യാസ സമിതി പ്രസിഡണ്ട് പി.വി രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ പള്ളം നാരായണൻ, രവീന്ദ്രൻ കൊക്കാൽ, എ. ബാലകൃഷ്ണൻ, ശ്രീധരൻ കാവുങ്കാൽ, ശ്രീജ പുരുഷോത്തമൻ, പ്രിൻസിപ്പൽ എ. ദിനേശൻ, അദ്ധ്യാപകരായ സ്വപ്ന മനോജ്, കെ. വി.രമ്യ, പി.ദാമോദരൻ, കെ.വി.സുധ എന്നിവർ പ്രസംഗിച്ചു.