പാലക്കാട് ഡോ.പി സരിൻ തന്നെ എൽഡിഎഫ് സ്ഥാനാർത്ഥിയാകും. പാര്‍ട്ടി ചിഹ്നത്തിലായിരിക്കും സരിന്‍ മത്സരിക്കുക. സരിൻ മികച്ച സ്ഥാനാർത്ഥി ആണെന്നാണ് സെക്രട്ടറിയേറ്റിൽ അംഗങ്ങൾ വിലയിരുത്തിയത്. സിപിഐഎം സ്വതന്ത്രനായിട്ടായിരിക്കും വോട്ട് തേടുകയെന്നാണ് വിവരം. സെക്രട്ടറിയേറ്റിന്‍റെ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി വിട്ടു. സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തോട് കൂടി വൈകിട്ട് പേര് പ്രഖ്യാപിക്കും.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സരിന്‍ തന്നെയാവും മികച്ച സ്ഥാനാര്‍ത്ഥി എന്ന വിലയിരുത്തലിലാണ് പാര്‍ട്ടി. പാര്‍ട്ടി ചിഹ്നത്തില്‍ സരിനെ മത്സരിപ്പിക്കണമെന്നാണ് സെക്രട്ടറിയേറ്റ് അഭിപ്രായം. സംസ്ഥാന സമിതിയാവും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. സിപിഐഎം ചിഹ്നത്തില്‍ മത്സരിക്കുന്നതില്‍ മടിയില്ലെന്ന് സരിന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ഇതിനിടെ അന്‍വറും സരിനും രണ്ടും രണ്ടാണെന്നും താരതമ്യം വേണ്ടെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. ഒരാളുടെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വന്നാല്‍ അതിന്റെ അര്‍ത്ഥത്തെ വ്യാഖ്യാനിക്കാന്‍ എല്ലാവര്‍ക്കും അവസരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിനെ പാലക്കാട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ വിമർശനവുമായി സരിൻ എത്തിയിരുന്നു. നെഗറ്റീവ് വോട്ടുകൾ മാത്രം പ്രതീക്ഷിക്കുന്ന കോൺഗ്രസിന് 2026 ലും കേരളത്തിൽ ജയിക്കാനാവില്ല. രാഹുൽ മാങ്കൂട്ടത്തിൽ നേതാക്കളുടെ പെട്ടി തൂക്കിയാണെന്ന് കോൺഗ്രസ് പ്രവർത്തകർക്കറിയാമെന്നും പി സരിൻ പരിഹസിച്ചു. നേതാക്കളുടെ പെട്ടി തൂക്കി നടക്കലാണ് രാഹുലിന്‍റെ പ്രധാന പണി. ആ ബോധത്തിലാണ് പെട്ടികളുമായാണ് പാലക്കാട്ടേക്ക് വന്നത് എന്ന് അദ്ദേഹം പറഞ്ഞത്.
കോൺഗ്രസിനെതിരെയും പ്രതിപക്ഷനേതാവ് വിഡി സതീശനെതിരെയും ആരോപണങ്ങൾ ഉയർത്തിയാണ് സരിൻ പാർട്ടിയിൽ നിന്നിറങ്ങിയത്. ഇനി ഇടതുപക്ഷത്തിനൊപ്പം നിൽക്കുമെന്നും സ്ഥാർത്ഥിത്വം വിഷയമല്ലെന്നും സിപിഎം മത്സരിക്കണമെന്ന് പറഞ്ഞാൽ അതിന് തയ്യാറാണെന്നും സരിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.