കരിവെള്ളൂർ :കുളത്തിൽ വീണ രണ്ടു കൂട്ടുകാരെ അതിസാഹസികമായി രക്ഷിച്ചതിന് പ്രദേശത്തെ അഞ്ചു കുട്ടികൾക്ക് ധീരതക്കുള്ള പുരസ്കാരം സമ്മാനിച്ച് പാഠശാല. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിൽ നിന്നും
അഭിനന്ദന ഫലകം ലഭിച്ചതിൻ്റെ ആഹ്‌ളാദത്തിലാണ്
പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർഥി യദുനന്ദ്, സഹോദരൻ മാന്യഗുരു യു.പി. സ്കൂൾ ഏഴാംതരം വിദ്യാർഥി ഋതുനന്ദ്, എ.വി. സ്മാരക സ്കൂൾ വിദ്യാർഥികളായ കെ.പി.ആകാശ്, ഹാർഷിക്, മാന്യഗുരു യു.പി. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി വൈശാഖ് എന്നിവർ. കരിവെള്ളൂർ തെരു, കുതിര്, വടക്കുമ്പാട് പ്രദേശങ്ങളിലുള്ളവരാണ് എല്ലാവരും. വടക്കുമ്പാട് കണിച്ചു വീട് തറവാട് കുളത്തിൽ മുങ്ങിത്താണുകൊണ്ടിരുന്ന നാലാംക്ലാസ് വിദ്യാർഥികളായ ഋത്വിക്, പ്രകൃതീശ്വരൻ എന്നിവരെ യദുനന്ദും കൂട്ടുകാരായ നാലുപേരും ചേർന്നാണ് കൈപിടിച്ച് ജീവിതത്തിലേക്ക് കയറ്റിയത്. പാഠശാല ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന വായനായനത്തിൽ വെച്ചാണ് കുട്ടികൾക്കുള്ള പുരസ്കാരം വിതരണം ചെയ്തത്. ചടങ്ങിൽ വെച്ച് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ യദുനന്ദ് രക്ഷാപ്രവർത്തനം വിവരിച്ചു.
വടക്കുമ്പാട്ടെ റോഡിലൂടെ കളിക്കാനായി പോകുമ്പോഴാണ് അപ്പുറത്തെ പറമ്പിലെ കുളത്തിൽ രണ്ട് കുട്ടികൾ മരണത്തോട് മല്ലടിക്കുന്ന കാഴ്ച യദുനന്ദും കൂട്ടുകാരും കണ്ടത്. പിന്നെ ഒന്നുമാലോചിച്ചില്ല. കൈയിലുണ്ടായിരുന്ന വടിയുമായി യദുനന്ദ് കുളത്തിലേക്കിറങ്ങി. എങ്ങനെയോ ഒരു കല്ലിൽ ചവിട്ടി നിൽക്കാൻ പറ്റി. വടിനീക്കി കൊടുത്ത് ഒരു കുട്ടിയെ കരയ്ക്കടുപ്പിച്ചു. അപ്പോഴേക്കും രണ്ടാമത്തെ കുട്ടി താഴ്ന്നു പോയിരുന്നു. ഇടയ്ക്ക് ഒന്ന് ഉയർന്നുവന്നപ്പോൾ കൈയിൽ പിടിത്തം കിട്ടി. രണ്ടുപേരെയും കരയിലെത്തിച്ചു. കുട്ടികളെ കരയ്ക്കെത്തിക്കാൻ മറ്റ് നാലുപേരും സഹായിച്ചു. കുറച്ചുവെള്ളം കുടിച്ചതല്ലാതെ മറ്റ് പ്രശ്നങ്ങളൊന്നും ഇല്ലായിരുന്നു. രണ്ട് കുട്ടികളെയും വീട്ടിൽ കൊണ്ടാക്കിയ ശേഷമാണ് യദുനന്ദും ഒപ്പമുള്ളവരും മടങ്ങിയത്. രണ്ട് കുരുന്ന് ജീവനുകളെ രക്ഷിച്ചെടുത്ത കുട്ടികളെ അഭിനന്ദിച്ചതിലൂടെ പാഠശാല കൂടി അഭിനന്ദിക്കപ്പെട്ടുവെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.വി. ലേജു പറഞ്ഞു. കുട്ടികൾക്ക് ധീരതയ്ക്കുള്ള പുരസ്കാരം സമ്മാനിച്ചതിൻ്റെ ആഹ്‌ളാദത്തിലാണ് കുട്ടികളുടെ മാതാപിതാക്കളും നാട്ടുകാരും
. ജില്ലയിലെ മികച്ച ഗ്രന്ഥാലയ പ്രവർത്തകനുള്ള ജി.ഡി. നായർ പുരസ്കാരം നേടിയ വൈക്കത്ത് നാരായണൻ, അക്ഷരശ്ലോക വിജയി ടി.വി. ഗിരിജ ടീച്ചർ, കവി സജിഷ ,കണ്ണൂർ ജില്ല ലൈബ്രറി കൗൺസിൽ സാഹിത്യം – കല പുരസ്കാര ജേതാവ് അമേയ സിദ എന്നിവരെയും അനുമോദിച്ചു.
വായനായനത്തിൽ പൊനം നോവൽ എഴുതിയ കെ.എൻ. പ്രശാന്തുമായി വായനക്കാർ സംവദിച്ചു. അന്നൂർ എ.യു.പി. സ്കൂൾ അധ്യാപിക അഥീന എസ്. പുസ്തക പരിചയം നടത്തി. വി.വി. പ്രദീപൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ എ.വി. രമണി,ശശിധരൻ ആലപ്പടമ്പ്, കൊടക്കാട് നാരായണൻ, പി. ഗോപി,ഗീതാമണി. ,വൈക്കത്ത് നാരായണൻ, ടി.വി. ഗിരിജ, സജിഷ , സുനിത കെ.എസ്, ചന്ദ്രമോഹനൻ. കെ സംസാരിച്ചു.