
കരിവെള്ളൂർ : ലിവർ സിറോസിസ് ബാധിച്ച് എറണാകുളം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആണൂരിലെ ടി വി സുജീഷിനെ ചേർത്തു പിടിച്ചു പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം. കരൾ മാറ്റി വെക്കാതെ ജീവൻ രക്ഷിക്കാൻ കഴിയില്ലെന്ന ഡോക്ടർമാരുടെ ഉപദേശത്തെ തുടർന്ന് ചികിത്സ ചെലവിനുള്ള തുക കണ്ടെത്താൻ കണ്ണൂർ കാസർകോട് ജില്ലകളിലെ വിവിധ സ്ഥാപനങ്ങൾ ജാതി മത രാഷ്ട്രീയ ഭേദം നാടാകെ കൈകോർക്കുകയാണ്. ഹോട്ടൽ വ്യാപാരിയായ സുജീഷിൻ്റെ പിതാവ് സുരേഷ് ആജീവനാന്ത അംഗമായ പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ നടത്തിയ ധന സമാഹരണ യജ്ഞം വൻ വിജയമായി. ഒരാഴ്ച കൊണ്ട് സ്വമനസ്സാലെ 162 പേരാണ് പാഠശാല സെക്രട്ടറി കൊടക്കാട് നാരായണൻ്റെ അക്കൗണ്ടിലേക്ക് രണ്ടു ലക്ഷത്തി ആറായിരത്തി നാന്നൂറ്റി പതിനേഴ് രൂപ നിക്ഷേപിച്ചത്. പാഠശാല പന്തലിൽ നടന്ന ചടങ്ങിൽ പാഠശാല ഗ്രന്ഥാലയം പ്രസിഡൻ്റ് വി.വി. പ്രദീപൻ ചികിത്സാ സഹായ സമിതി ചെയർമാൻ പി.പി ഭരതൻ, കൺവീനർ സി.പി. രാജൻ എന്നിവർക്ക് തുക കൈമാറി. ചികിത്സാ കമ്മറ്റി ട്രഷറർ കൊടക്കാട് നാരായണൻ, എം കെ പ്രകാശൻ, കെ പി പവിത്രൻ, എ പ്രസന്ന, ടി. നജീബ് സംസാരിച്ചു.