എംഎൽഎ സ്ഥാനം രാജിവെച്ച് പി വി അൻവർ. രാവിലെ സ്പീക്കറെ കണ്ട് അൻവർ രാജിക്കത്ത് കൈമാറി. നിയമസഭാ സമ്മേളനം നടക്കാനിരിക്കെയാണ് അൻവർ രാജി സമർപ്പിച്ചിരിക്കുന്നത്. സ്പീക്കർ രാജിക്കത്ത് സ്വീകരിച്ചു. നിലമ്പൂർ എംഎൽഎ രാജിവെച്ച വിവരം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കും. നിയമസഭ സെക്രട്ടറിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിപ്പ് നൽകുക.
തൃണമൂൽ കോൺഗ്രസിൽ അംഗത്വം എടുത്തതോടെ അയോഗ്യത ഒഴിവാക്കാനാണ് രാജി നീക്കത്തിലേക്ക് അൻവർ കടന്നത്. സ്വതന്ത്ര എം.എൽ.എക്ക് മറ്റു പാർട്ടിയിൽ അംഗത്വം എടുക്കുന്നതിനുള്ള നിയമ തടസ്സമാണ് പ്രശ്നം. അയോഗ്യത വന്നാൽ അടുത്ത അഞ്ചുവർഷത്തേക്ക് തെരഞ്ഞെടുപ്പിലും മത്സരിക്കാനാവില്ല. ഇതു മുന്നിൽകണ്ടാണ് പി വി അൻവറിന്റെ രാജി തീരുമാനം.തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇതോടെ കേരളത്തിൽ മറ്റൊരു തിരഞ്ഞെടുപ്പ് പേരാട്ടത്തിന് കൂടി അരങ്ങൊരുങ്ങുകയാണ്. എല്ലാ കാര്യങ്ങളും വാര്‍ത്താസമ്മേളനത്തില്‍ പറയാമെന്നാണ് രാജികത്ത് കൈമാറിയ കാര്യം സ്ഥിരീകരിച്ചു കൊണ്ട് പി വി അന്‍വര്‍ പറഞ്ഞത്.